ടെസ്ല ഒമാനിലേക്കും; പ്രവർത്തനം 2027-ൽ ആരംഭിക്കും

 

ഇലക്ട്രിക് വാഹന രംഗത്തെ പ്രമുഖരായ ടെസ്ല (Tesla) ഒമാനിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. 2027-ഓടെ കമ്പനി ഒമാനിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുമെന്ന് മിഡിൽ ഈസ്റ്റിലെ ടെസ്ല മാർക്കറ്റ് ലീഡ് പാവൽ ടി. അറിയിച്ചു.

രാജ്യത്ത് തങ്ങളുടെ പ്രാദേശിക ടീമിനെ രൂപീകരിക്കുന്നതിനുള്ള ആദ്യഘട്ട നടപടികൾ ടെസ്ല തുടക്കം കുറിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി സെയിൽസ് വിഭാഗത്തിലേക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്.

2017-ൽ യു.എ.ഇയിൽ പ്രവേശിച്ച സമയത്തുതന്നെ ഒമാൻ, ബഹ്റൈൻ, സൗദി അറേബ്യ എന്നിവയെ ഭാവി വിപണികളായി സി.ഇ.ഒ ഇലോൺ മസ്ക് ലക്ഷ്യമിട്ടിരുന്നു. പിന്നീട് ജോർദാൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും ടെസ്ല സർവീസുകൾ വ്യാപിപ്പിച്ചു. ഒമാനിലെ സാന്നിധ്യത്തോടെ മിഡിൽ ഈസ്റ്റ് മേഖലയിൽ ടെസ്ലയുടെ 'സൂപ്പർചാർജർ ഫോർ ബിസിനസ്' ശൃംഖല കൂടുതൽ ശക്തമാകും.