ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ഒഴിഞ്ഞു; രാജ്യത്തെ പ്രകൃതിവാതക വിതരണ നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചു
Updated: Jul 5, 2026, 17:29 IST
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്തെ പ്രകൃതിവാതക വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയതോടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി എൽഎൻജി കപ്പലുകളുടെ ഗതാഗതം പുനരാരംഭിച്ച സാഹചര്യത്തിലാണ് ഈ നടപടി. ഇറാൻ കടൽപ്പാത അടച്ചതിനെത്തുടർന്ന് ഇന്ധന ലഭ്യത ഉറപ്പാക്കാനായി കഴിഞ്ഞ മാർച്ച് 9-നാണ് കേന്ദ്രം വിതരണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിലവിൽ പശ്ചിമേഷ്യയിലെ സാഹചര്യം മെച്ചപ്പെടുകയും ഇന്ധന നീക്കം സാധാരണ നിലയിലാവുകയും ചെയ്തതോടെ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സർക്കാർ ഉത്തരവിടുകയായിരുന്നു. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതകത്തിന്റെ 65 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് രാജ്യത്ത് എത്തിക്കുന്നത്.