യുദ്ധഭീതിയൊഴിഞ്ഞു; ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു; മണിക്കൂറുകൾക്കിടെ ബാരലിന് 14 ഡോളർ കുറഞ്ഞു

 

പശ്ചിമേഷ്യയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തലിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവിലയിൽ വൻ ഇടിവ്. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കാൻ ഇറാൻ സമ്മതിച്ചെന്ന വാർത്തകൾ പുറത്തുവന്നതോടെ ബാരലിന് 109 ഡോളറിന് മുകളിൽ നിന്നിരുന്ന വില നിമിഷങ്ങൾക്കകം 95 ഡോളറിലേക്ക് താഴ്ന്നു.

മണിക്കൂറുകൾക്കിടെ 14 ഡോളറിന്റെ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 28 മുതൽ തുടരുന്ന സംഘർഷത്തിന് താല്കാലിക ശമനമായത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉണർവ് നൽകിയിട്ടുണ്ട്. ലോകത്തെ എണ്ണക്കടത്തിന്റെ 20 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കാനുള്ള ഇറാന്റെ തീരുമാനം വിതരണ ശൃംഖലയിലെ ആശങ്കകൾ പൂർണ്ണമായും ഒഴിവാക്കി. ഇതോടെ യുഎസ് ബോണ്ടുകളും ഓഹരി വിപണികളും വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഫീൽഡ് മാർഷൽ അസീം മുനീറും നടത്തിയ നിർണ്ണായക മധ്യസ്ഥ ചർച്ചകളാണ് ട്രംപിനെ വെടിനിർത്തൽ തീരുമാനത്തിലേക്ക് നയിച്ചത്. വരും ദിവസങ്ങളിൽ ഇസ്ലാമാബാദിൽ വെച്ച് കൂടുതൽ സമാധാന ചർച്ചകൾ നടക്കും. എണ്ണവിലയിലുണ്ടായ ഈ കുറവ് ഇന്ത്യ ഉൾപ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങൾക്ക് വലിയ സാമ്പത്തിക ആശ്വാസമാകും.