യു.എ.ഇയിൽ കോർപറേറ്റ് ടാക്സ് സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30; വീഴ്ച വരുത്തിയാൽ കനത്ത പിഴ
യു.എ.ഇയിൽ കോർപറേറ്റ് ടാക്സ് റിട്ടേണുകൾ സമർപ്പിക്കുന്നതിനും നികുതി തുക അടച്ചുതീർക്കുന്നതിനുമുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു. 2025 ഡിസംബർ 31-ന് സാമ്പത്തിക വർഷം അവസാനിച്ച എല്ലാ ബിസിനസ് സ്ഥാപനങ്ങൾക്കും ഈ കാലാവധി ബാധകമാണ്. സമയപരിധിക്കുള്ളിൽ റിട്ടേണുകൾ സമർപ്പിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകുന്നവർക്കും കനത്ത പിഴ ചുമത്തുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.
നികുതി നിയമപ്രകാരം സാമ്പത്തിക വർഷം അവസാനിച്ച് ഒമ്പത് മാസത്തിനകം റിട്ടേൺ സമർപ്പിക്കുകയും കുടിശ്ശിക തുക അടച്ചുതീർക്കുകയും വേണം. നികുതി ഇളവുകൾക്ക് അർഹതയുള്ള സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്ത ഇളവ് ലഭിച്ച വ്യക്തികളും നിശ്ചിത തീയതിക്കകം വാർഷിക ഡിക്ലറേഷനുകൾ സമർപ്പിക്കണം. ചെറുകിട ബിസിനസ് ഇളവുകൾ ലഭിക്കുന്നവരും ആവശ്യമായ രേഖകൾ സൂക്ഷിക്കേണ്ടതുണ്ട്.
ഇടപാട് വിവരങ്ങൾ, അപ്ഡേറ്റ് ചെയ്ത ആസ്തി രജിസ്റ്റർ, സാമ്പത്തിക ബാധ്യതകളുടെ വിശദാംശങ്ങൾ, കമ്പനിയിലെ ഓഹരി ഉടമസ്ഥാവകാശ വിവരങ്ങൾ തുടങ്ങിയ പ്രധാന രേഖകൾ സ്ഥാപനങ്ങൾ കരുതേണ്ടതുണ്ട്. അവസാന നിമിഷത്തെ സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ എഫ്.ടി.എയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'ഇമാറ ടാക്സ്' (EmaraTax) വഴി എത്രയും വേഗം നടപടികൾ പൂർത്തിയാക്കണമെന്ന് അതോറിറ്റി നിർദേശിച്ചു. പോർട്ടൽ വഴി നേരിട്ടോ അംഗീകൃത ടാക്സ് ഏജന്റുമാർ വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.