പശ്ചിമേഷ്യൻ സംഘർഷം തിരിച്ചടിയായി; കുവൈത്തിന്റെ എണ്ണയിതര കയറ്റുമതിയിൽ 39% ഇടിവ്

 

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളും സാമ്പത്തിക അസ്ഥിരതയും കുവൈത്തിന്റെ എണ്ണയിതര കയറ്റുമതിയെ സാരമായി ബാധിച്ചു. 2026-ന്റെ ആദ്യ പാദത്തിൽ രാജ്യത്തെ എണ്ണയിതര ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ 39.2 ശതമാനത്തിന്റെ കനത്ത ഇടിവ് രേഖപ്പെടുത്തിയതായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. വിതരണ ശൃംഖലയിലെ തടസ്സങ്ങളും പ്രാദേശിക വിപണിയിലെ ആശങ്കകളുമാണ് ഈ തകർച്ചയ്ക്ക് പ്രധാന കാരണമായത്.

2025-ന്റെ ആദ്യ പാദത്തിൽ 91.95 കോടി ദിനാറായിരുന്ന കയറ്റുമതി മൂല്യം, ഈ വർഷം ഇതേ കാലയളവിൽ 55.87 കോടി ദിനാറായി കുത്തനെ കുറഞ്ഞു. ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ മാത്രം 11.5 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. എണ്ണയിതര മേഖലയെ ശക്തിപ്പെടുത്താനുള്ള രാജ്യത്തിന്റെ നീക്കങ്ങൾക്ക് ഈ ഇടിവ് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഏഷ്യ, ഓസ്‌ട്രേലിയ, അമേരിക്കൻ ഭൂഖണ്ഡങ്ങളിലേക്കുള്ള വ്യാപാരം നിലവിൽ പരിമിതമായ സാഹചര്യത്തിലാണ്.

കയറ്റുമതി കുറഞ്ഞെങ്കിലും കുവൈത്ത് ഉത്പന്നങ്ങളുടെ പ്രധാന വിപണിയായി യൂറോപ്യൻ, ജി.സി.സി രാജ്യങ്ങൾ തുടരുന്നത് ആശ്വാസകരമാണ്. മൊത്തം കയറ്റുമതിയുടെ 90 ശതമാനവും ഈ രണ്ട് മേഖലകളിലേക്കാണ് പോകുന്നത്. യൂറോപ്പിലേക്ക് 29.18 കോടി ദിനാറിന്റെയും (52.2%) ജി.സി.സി രാജ്യങ്ങളിലേക്ക് 21.13 കോടി ദിനാറിന്റെയും (37.8%) കയറ്റുമതി രേഖപ്പെടുത്തി. എന്നാൽ അറബ്, ഇസ്‌ലാമിക് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ വലിയ ഇടിവ് സംഭവിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി മാർച്ചിൽ പൂർണ്ണമായും നിലച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.