പത്തുദിവസത്തിനിടെ മൂന്നാമത്തെ വർധന; രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി
രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വൻ വർധനവ്. ശനിയാഴ്ച പെട്രോളിനും ഡീസലിനും ലിറ്ററിന് 91 പൈസ വരെയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചത്. കഴിഞ്ഞ പത്തു ദിവസത്തിനിടെ രാജ്യത്തുണ്ടാകുന്ന മൂന്നാമത്തെ ഇന്ധന വിലവർധനവാണിത്. പുതിയ മാറ്റത്തോടെ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില 87 പൈസ വർധിച്ച് 98.64 രൂപയിൽ നിന്ന് 99.51 രൂപയായി. ഡീസൽ വില 91 പൈസ വർധിച്ച് 91.58 രൂപയിൽ നിന്ന് 92.49 രൂപയായും ഉയർന്നു.
കേരളത്തിലും ഇന്ധനവില കുതിച്ചുയരുകയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്ററർ പെട്രോളിന്റെ വില 112.60 രൂപയിലെത്തി. ഡീസൽ വിലയാകട്ടെ 101 രൂപയും കടന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിലുണ്ടായ ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയർന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
രാജ്യാന്തര വിപണിയിലെ ഈ വിലവർധനവിന്റെ ഭാരം മേയ് 15 മുതലാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ ഘട്ടംഘട്ടമായി ഉപഭോക്താക്കളിലേക്ക് കൈമാറാൻ തുടങ്ങിയത്. മേയ് 15-ന് ലിറ്ററിന് 3 രൂപയും, തൊട്ടുപിന്നാലെ മേയ് 19-ന് 90 പൈസയും വർദ്ധിപ്പിച്ചിരുന്നു. ശനിയാഴ്ചത്തെ വർധനവ് കൂടി കണക്കിലെടുക്കുമ്പോൾ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ മാത്രം ഇന്ധനവിലയിൽ ലിറ്ററിന് ഏകദേശം 5 രൂപയോളമാണ് വർദ്ധനവുണ്ടായിരിക്കുന്നത്. തുടർച്ചയായുണ്ടാകുന്ന വിലക്കയറ്റം സാധാരണക്കാരുടെ ബഡ്ജറ്റ് താളംതെറ്റിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.