ട്രംപിന്റെ പ്രഖ്യാപനം; ആഗോള വിപണിയിൽ ക്രൂഡോയിൽ വില 10 ശതമാനം ഇടിഞ്ഞു

 

ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള സൈനിക നടപടികൾ താത്ക്കാലികമായി നിർത്തിവെച്ചതായുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയിൽ ക്രൂഡോയിൽ വിലയിൽ വൻ ഇടിവ്. ഇറാനുമായുള്ള ഫലപ്രദമായ ചർച്ചകളെത്തുടർന്ന് അഞ്ച് ദിവസത്തേക്ക് ആക്രമണങ്ങൾ മാറ്റിവെച്ചതായി ട്രംപ് അറിയിച്ചതോടെയാണ് ബ്രെന്റ്, ഡബ്ല്യുടിഐ ക്രൂഡ് വിലകൾ 10 ശതമാനം വരെ കുറഞ്ഞത്.

ട്രംപിന്റെ പ്രഖ്യാപനത്തിന് മുൻപ് ബാരലിന് 112 ഡോളർ എന്ന നിരക്കിലായിരുന്ന ബ്രെന്റ് ഫ്യൂച്ചേഴ്സ്, പ്രഖ്യാപനത്തിന് പിന്നാലെ 10 ശതമാനത്തിലധികം ഇടിഞ്ഞ് 98 ഡോളറിലെത്തി. എന്നാൽ പിന്നീട് ഇത് ബാരലിന് 104 ഡോളർ നിലവാരത്തിലേക്ക് നേരിയ തോതിൽ ഉയർന്നു. സമാനമായി ഡബ്ല്യുടിഐ (WTI) ക്രൂഡോയിൽ ഫ്യൂച്ചേഴ്സ് ബാരലിന് 91 ഡോളറായും കുറഞ്ഞു.

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ആഗോളതലത്തിൽ എണ്ണ പ്രതിസന്ധി ഉടലെടുത്തിരുന്നു. എന്നാൽ ട്രംപിന്റെ പുതിയ നീക്കം വിപണിയിൽ വലിയ ആശ്വാസമാണ് പകർന്നിരിക്കുന്നത്. ഇറാനിയൻ വൈദ്യുതി നിലയങ്ങൾക്കും ഊർജ്ജ വിതരണ ശൃംഖലയ്ക്കും നേരെയുള്ള ആസൂത്രിത നീക്കങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെച്ചത് വരും ദിവസങ്ങളിലും എണ്ണവിലയിൽ പ്രതിഫലിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.