292.5 ബില്യൺ ദിർഹമിന്റെ ബജറ്റിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം

 

യു.എ.ഇയുടെ 2027-2029 സാമ്പത്തിക വർഷങ്ങളിലേക്കുള്ള 292.5 ബില്യൺ ദിർഹമിന്റെ ഏറ്റവും വലിയ ഫെഡറൽ പൊതുബജറ്റിന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം അംഗീകാരം നൽകി. മുൻ മൂന്ന് വർഷത്തെ ബജറ്റിനേക്കാൾ 28.3 ശതമാനത്തിന്റെ ഗണ്യമായ വർധനവാണ് പുതിയ ബജറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ 2027-ലെ വാർഷിക ബജറ്റായ 90.1 ബില്യൺ ദിർഹമിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.

പൗരന്മാരുടെ ക്ഷേമവും സാമൂഹിക വികസനവുമാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് പ്രഖ്യാപിച്ച ബജറ്റിൽ 2027-ലെ ആകെ വിഹിതത്തിന്റെ 38.4 ശതമാനവും (34.6 ബില്യൺ ദിർഹം) സാമൂഹിക വികസനത്തിനും പെൻഷനുമായി നീക്കിവെച്ചു. സർക്കാർ കാര്യങ്ങൾക്ക് 29.1 ബില്യൺ ദിർഹമും (32.3%), സാമ്പത്തിക ആസ്തികൾക്കും നിക്ഷേപങ്ങൾക്കുമായി 5.6 ബില്യൺ ദിർഹമും (6.2%), ഫെഡറൽ ചെലവുകൾക്ക് 17.8 ബില്യൺ ദിർഹമും (19.7%), അടിസ്ഥാന സൗകര്യ വികസനത്തിന് 3 ബില്യൺ ദിർഹമും (3.4%) നീക്കിവെച്ചിട്ടുണ്ട്.