ചെറുകിട സംരംഭങ്ങൾക്കുള്ള കോർപറേറ്റ് ടാക്സ് ഇളവ് യു.എ.ഇ നീട്ടി; 2029 ഡിസംബർ 31 വരെ തുടരും
യു.എ.ഇയിൽ ചെറുകിട സംരംഭങ്ങൾക്ക് നൽകിവരുന്ന കോർപറേറ്റ് ടാക്സ് ഇളവ് കൂടുതൽ കാലത്തേക്ക് നീട്ടി നൽകാൻ ധനകാര്യ മന്ത്രാലയം തീരുമാനിച്ചു. പുതിയ നിയമഭേദഗതി പ്രകാരം ഇളവ് 2029 ഡിസംബർ 31 വരെ തുടരും. പ്രവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ചെറുകിട ബിസിനസ് ഉടമകൾക്ക് വലിയ ആശ്വാസമേകുന്നതാണ് ഈ തീരുമാനം.
2023 ജൂൺ ഒന്നു മുതലാണ് യു.എ.ഇയിൽ കോർപറേറ്റ് നികുതി പ്രാബല്യത്തിൽ വന്നത്. ഇതുപ്രകാരം 30 ലക്ഷം ദിർഹം വരെ വാർഷിക വരുമാനമുള്ള കമ്പനികളെ കോർപറേറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 30 ലക്ഷം ദിർഹമിന് മുകളിൽ വാർഷിക വരുമാനമുള്ള സ്ഥാപനങ്ങൾക്ക് മാത്രമാണ് നികുതി ബാധകമായിരുന്നത്.
ഈ ആനുകൂല്യം നടപ്പുവർഷാവസാനത്തോടെ അവസാനിപ്പിക്കാനായിരുന്നു മുൻപ് തീരുമാനിച്ചിരുന്നത്. എന്നാൽ, പുതിയ ഭേദഗതി വന്നതോടെ നാല് വർഷത്തേക്ക് കൂടി ചെറുകിട സ്ഥാപനങ്ങൾക്ക് നികുതിയിളവിന്റെ ആനുകൂല്യം തുടർന്നും ലഭിക്കും.