യുപിഐ ഇടപാടുകൾ കൂടുതൽ രാജ്യങ്ങളിലേക്ക്; കിഴക്കൻ ഏഷ്യയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ

 

ഇന്ത്യയുടെ തദ്ദേശീയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യുപിഐ (UPI) കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ഊർജിതമാക്കുന്നു. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ യുപിഐ സേവനം ലഭ്യമാക്കുന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നതെന്ന് ധനകാര്യ സേവന സെക്രട്ടറി എം. നാഗരാജു അറിയിച്ചു. ഗ്ലോബൽ ഇൻക്ലൂസീവ് ഫിനാൻസ് ഇന്ത്യ ഉച്ചകോടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭൂട്ടാൻ, സിംഗപ്പൂർ, ഖത്തർ, മൗറീഷ്യസ്, നേപ്പാൾ, യു.എ.ഇ, ശ്രീലങ്ക, ഫ്രാൻസ് എന്നീ എട്ട് രാജ്യങ്ങളിൽ നിലവിൽ യുപിഐ സംവിധാനം വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.

ലോകത്തെ ഡിജിറ്റൽ ഇടപാടുകളിൽ ഏതാണ്ട് 50 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്. 2025 ഡിസംബറിലെ കണക്കുകൾ പ്രകാരം യുപിഐ ഇടപാടുകൾ 21 ബില്യണിലധികം കടന്നതായും നാഗരാജു ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സാമ്പത്തിക ഉൾപ്പെടുത്തൽ നയങ്ങളിൽ യുപിഐ വഹിക്കുന്ന പങ്ക് വലുതാണെന്നും വരും വർഷങ്ങളിൽ കൂടുതൽ ആഗോള വിപണികളിലേക്ക് ഇത് പടരുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിങ് സേവനങ്ങൾ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

സാമ്പത്തിക ശാക്തീകരണത്തിന്റെ ഭാഗമായി 'സ്റ്റാൻഡ് അപ് ഇന്ത്യ' പദ്ധതിയുടെ വ്യാപ്തി വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും സ്ത്രീകൾക്കും സംരംഭങ്ങൾ തുടങ്ങുന്നതിനായി 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. നിർമ്മാണം, സേവനം, വ്യാപാരം തുടങ്ങിയ മേഖലകളിൽ പുതിയ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2016 മുതൽ ഇതുവരെ 62,000 കോടി രൂപയുടെ വായ്പകൾ ഈ പദ്ധതി വഴി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.