വാട്‌സാപ്പ് ബിസിനസിന് വെല്ലുവിളിയായി 'അരട്ടൈ ബിസിനസ്'; പുതിയ ആപ്പുമായി സോഹോ
പ്രമുഖ ഇന്ത്യൻ സോഫ്റ്റ്‌വെയർ കമ്പനിയായ സോഹോയുടെ മെസേജിങ് ആപ്പായ 'അരട്ടൈ'യുടെ ബിസിനസ് പതിപ്പ് പുറത്തിറങ്ങുന്നു. 'അരട്ടൈ ബിസിനസ്' എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ 'കമിങ് സൂൺ' (Coming Soon) വിഭാഗത്തിൽ പ്രത്യക്ഷപ്പെട്ടു. ബിസിനസ് സ്ഥാപനങ്ങൾക്കും വിവിധ ടീമുകൾക്കും തൊഴിലിടങ്ങളിലെ ആശയവിനിമയം സുഗമമാക്കാനുമാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വാട്‌സാപ്പ് ബിസിനസിന് സമാനമായി സ്ഥാപനങ്ങൾക്ക് ഔദ്യോഗിക അക്കൗണ്ടുകൾ ആരംഭിക്കാനും ഉപഭോക്താക്കളുമായി നേരിട്ട് സംവദിക്കാനുമുള്ള സൗകര്യങ്ങൾ ആപ്പിലുണ്ടാകും. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ, ഒരേസമയം ഒന്നിലധികം ഡിവൈസുകളിൽ ഉപയോഗിക്കാനുള്ള സൗകര്യം എന്നിവയും അരട്ടൈ ബിസിനസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
മെറ്റയുടെ വാട്‌സാപ്പിൽ നിന്ന് വ്യത്യസ്തമായി പൂർണ്ണമായ ഡാറ്റാ സുരക്ഷയും സ്വകാര്യതയുമാണ് സോഹോ ഉറപ്പുനൽകുന്നത്. ഉപയോക്താക്കളുടെ വിവരങ്ങൾ പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കില്ലെന്നും വ്യക്തിഗത ചാറ്റുകൾ എ.ഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. ഉപയോക്താക്കളുടെ വിവരങ്ങൾ ഇന്ത്യയിൽ തന്നെയാണ് സംഭരിക്കുന്നത്. ആപ്പ് എന്ന് മുതൽ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന തീയതി കമ്പനി ഉടൻ പുറത്തുവിടും.