ഷവോമി 17 സീരീസ് ശനിയാഴ്ച വിപണിയില്‍; അറിയാം വിലയും ഫീച്ചറുകളും
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ 17 സീരീസ് ശനിയാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചൈനയിലാണ് ആദ്യമായി ഇത് ലോഞ്ച് ചെയ്തത്. ഷവോമി 17, ഷവോമി 17 അള്‍ട്രാ എന്നി രണ്ട് മോഡലുകളാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളില്‍ ഉടന്‍ ലോഞ്ച് ചെയ്യാന്‍ പോകുന്നത്. രണ്ട് ഫോണുകളിലും ലൈക്കയുടെ പിന്തുണയുള്ള കാമറ പ്രതീക്ഷിക്കുന്നു.ഷവോമി 17ല്‍ 120Hz റിഫ്രഷ് റേറ്റുള്ള 6.3 ഇഞ്ച് OLED ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസറും 12GB റാമും 512GB വരെ സ്റ്റോറേജ് ഓപ്ഷനുകളും ഈ ഫോണ്‍ വാഗ്ദാനം ചെയ്തേക്കും. വേഗത്തിലുള്ള ചാര്‍ജിങ് പിന്തുണയുള്ള 6800mAh ബാറ്ററിയും ഈ ഫോണില്‍ പ്രതീക്ഷിക്കാം. കാമറയുടെ മുന്‍വശത്ത്, ലൈക്ക-ട്യൂണ്‍ ചെയ്ത ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണം ഉണ്ടായേക്കാം. 50MP സെന്‍സറാണ് ഫോണിന് ഉണ്ടാവുക. അതിനുപുറമെ, സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി മുന്‍വശത്ത് 50എംപി കാമറയും പ്രതീക്ഷിക്കുന്നു.
ഷവോമി 17 അള്‍ട്രാ 6.9 ഇഞ്ച് AMOLED ഡിസ്പ്ലേയും 120Hz റിഫ്രഷ് റേറ്റും ഉള്ളതായിരിക്കും. സ്റ്റാന്‍ഡേര്‍ഡ് മോഡലിനെപ്പോലെ, ഇതിനും സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റ് ആണ് കരുത്തുപകരുന്നത്. 12GB റാമും 512GB വരെ സ്റ്റോറേജ് ഓപ്ഷനുകളും ഇത് വാഗ്ദാനം ചെയ്യുന്നു.