ഇ.വി വിൽപനയിൽ ടെസ്‍ലയെ മറികടന്ന് ബി.വൈ.ഡി ഒന്നാമത്; ട്രംപിന്റെ നയങ്ങൾ തിരിച്ചടിയായി

 

ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളെന്ന പദവി ചൈനീസ് കമ്പനിയായ ബി.വൈ.ഡി (BYD) സ്വന്തമാക്കി. ഇലോൺ മസ്കിന്റെ ടെസ്‌ലയെ പിന്തള്ളിക്കൊണ്ടാണ് ബി.വൈ.ഡിയുടെ ഈ കുതിപ്പ്. കഴിഞ്ഞ വർഷം (2025) ബി.വൈ.ഡി 2.26 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ചപ്പോൾ ടെസ്‌ലയുടെ വിൽപന 1.64 ദശലക്ഷത്തിൽ ഒതുങ്ങി. തുടർച്ചയായ രണ്ടാം വർഷവും വിൽപനയിൽ ഇടിവ് രേഖപ്പെടുത്തിയതോടെയാണ് ടെസ്‌ലയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നയങ്ങൾ ടെസ്‌ലയ്ക്ക് വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ഇലക്ട്രിക് വാഹനങ്ങൾക്ക് യുഎസ് സർക്കാർ നൽകിയിരുന്ന 7,500 ഡോളറിന്റെ നികുതി ഇളവ് കഴിഞ്ഞ സെപ്റ്റംബറിൽ ട്രംപ് ഭരണകൂടം പിൻവലിച്ചിരുന്നു. ഇതോടെ വാഹനങ്ങൾക്ക് വില വർദ്ധിച്ചതും വിപണിയിൽ തിരിച്ചടിയായി. കൂടാതെ, മസ്കിന്റെ രാഷ്ട്രീയ നിലപാടുകൾക്കെതിരെ ഉപഭോക്താക്കൾക്കിടയിൽ ഉണ്ടായ പ്രതിഷേധവും വിൽപനയെ ബാധിച്ചു. ആഗോളതലത്തിൽ ഇവി വിൽപന 28 ശതമാനം വർദ്ധിച്ചപ്പോഴും ടെസ്‌ലയുടെ വിൽപനയിൽ 8.6 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.

ചൈനയ്ക്ക് പുറമെ യൂറോപ്യൻ വിപണിയിൽ ബി.വൈ.ഡി നേടിയ വലിയ മുന്നേറ്റമാണ് അവരെ ഒന്നാമതെത്തിച്ചത്. കഴിഞ്ഞ വർഷം ചൈനയ്ക്ക് പുറത്തുള്ള ബി.വൈ.ഡിയുടെ വിൽപന 10 ലക്ഷം കടന്ന് റെക്കോർഡ് സൃഷ്ടിച്ചു. ബി.എം.ഡബ്ല്യു, ഫോക്‌സ്‌വാഗൻ തുടങ്ങിയ യൂറോപ്യൻ കമ്പനികളിൽ നിന്നുള്ള കടുത്ത മത്സരവും ടെസ്‌ലയ്ക്ക് വെല്ലുവിളിയായി. പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ യുഎസ് വിപണിയിൽ ടെസ്‌ലയുടെ ഓഹരി വിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.