സ്വർണവില ഇന്ന് രണ്ട് തവണ കുറഞ്ഞു; പവന് 94,920 രൂപ
കേരളത്തിൽ സ്വർണവിലയിൽ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് രണ്ടു തവണയാണ് വില കുറഞ്ഞത്. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ (8 ഗ്രാം) സ്വർണത്തിന്റെ വില 94,920 രൂപയായി കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 11,865 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് ഗ്രാമിന് 45 രൂപ കുറഞ്ഞ് 9,760 രൂപയും 14 കാരറ്റ് ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,600 രൂപയുമായി. രാവിലെയും സ്വർണവില കുറഞ്ഞിരുന്നു; അന്ന് പവന് 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒരു ദിവസത്തിനുള്ളിൽ ആകെ 720 രൂപയുടെ കുറവാണ് പവന് ഉണ്ടായത്.
നിലവിൽ സ്പോട്ട് ഗോൾഡിന്റെ വില ഇടിഞ്ഞ് 4,204.73 ഡോളറിലെത്തിയിട്ടുണ്ട്. എന്നിരുന്നാലും, പലിശനിരക്കിൽ ഫെഡറൽ റിസർവ് 25 ബേസിക് പോയിന്റിന്റെ കുറവ് വരുത്തുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. കൂടാതെ, ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നത് തുടരുന്നതിനാൽ, 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ സ്വർണവില അന്താരാഷ്ട്ര വിപണിയിൽ 5,000 ഡോളർ കടക്കുമെന്നും പ്രവചനമുണ്ട്. ഇത് സംഭവിച്ചാൽ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ സ്വർണവില ഒരു ലക്ഷം രൂപ കടന്ന് കുതിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ കഴിഞ്ഞ ദിവസം (തിങ്കളാഴ്ച) സ്വർണവില ഗ്രാമിന് 25 രൂപ വർധിച്ച് പവന് 95,640 രൂപയിലെത്തിയിരുന്നു.
