ആദിപുരുഷ് ജൂണ്‍ 16-ന് തന്നെ റീലീസ് ചെയ്യും; ഹർജി ഡൽഹി കോടതി തള്ളി 

 

പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഡല്‍ഹി കോടതി തള്ളി. ഇതോടെ ചിത്രം നേരത്തെ തീരുമാനിച്ച ദിവസം തന്നെ റിലീസ് ചെയ്യും. രാജ് ഗൗരവ് എന്ന അഭിഭാഷകനായിരുന്നു റിലീസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്. എന്നാൽ ചിത്രത്തിൽ മാറ്റങ്ങൾ വരുത്താൻ അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നതിനാൽ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം തന്നെ പിന്നീട് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.

ആദിപുരുഷില്‍ ശ്രീരാമനെയും ഹനുമാനെയും തുകല്‍ സ്ട്രാപ്പ് ധരിച്ച തരത്തില്‍ കാണിച്ചത് ശരിയായ ചിത്രീകരണമല്ലെന്നായിരുന്നു ഹർജിയിൽ പറഞ്ഞത്.  പുരാണങ്ങളില്‍ രാമന്‍ ശാന്തനാണ് എന്നാൽ സിനിമയില്‍ അദ്ദേഹത്തെ കോപാകുലനായ പോരാളിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും മതവികാരം വൃണപ്പെടുത്തുന്ന രംഗങ്ങള്‍ ടീസറില്‍ ഉണ്ടായിരുന്നുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 

നേരത്തെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത് പോലെ ജൂണ്‍ 16-ന് ശേഷം ആഗോളതലത്തില്‍ ആദിപുരുഷ് റിലീസ് ചെയ്യും.  രാമായണ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ത്രീഡി ചിത്രത്തില്‍ രാമനായി പ്രഭാസും രാവണനായി സെയ്ഫ് അലി ഖാനുമാണ് അഭിനയിക്കുന്നത്. കൃതി സനോന നായികയാവുന്ന ചിത്രത്തിൽ നടന്‍ സണ്ണി സിങും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നുവെങ്കിലും ത്രീഡി പതിപ്പിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചതെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ടി സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.