ദുൽഖറിന്റെ ‘ഐ ആം ഗെയിം" അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
ദുൽഖറിനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇന്നലെ വൈകുന്നേരം 5 മണിക്ക് ആരംഭിച്ചു. ബുക്കിംഗ് ആരംഭിച്ച നിമിഷം മുതൽ വമ്പൻ പ്രതികരണമാണ് ചിത്രത്തിന് കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്നെല്ലാം ലഭിക്കുന്നത്. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു മിനിറ്റുകൾ കൊണ്ട് തന്നെ ബുക്ക് മൈ ഷോ ട്രെൻഡിങ്ങിലും ചിത്രം ഇടം പിടിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ ആപ്പുകൾ വഴി ചിത്രത്തിൻ്റെ ടിക്കറ്റുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാം. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം സെപ്റ്റംബർ 3ന് ആഗോള റിലീസായി എത്തും. ദുൽഖറിന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.
കൊച്ചി, തിരുവനന്തപുരം തുടങ്ങി കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം തന്നെ മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. സെപ്റ്റംബർ 3 ന് രാവിലെ 9 മണി മുതൽ ചിത്രത്തിൻ്റെ ഷോകൾ കേരളത്തിൽ ആരംഭിക്കും. വമ്പൻ ബോക്സ് ഓഫീസ് ഓപ്പണിംഗ് ആണ് ചിത്രം ആഗോള തലത്തിലും കേരളത്തിലും ലക്ഷ്യമിടുന്നത്. ദുൽഖർ സൽമാൻ്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് ചിത്രം എത്തുക. ഇന്ന് സെൻസറിങ് പൂർത്തിയായ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.
ചിത്രത്തിൻ്റെ ട്രെയ്‌ലർ പാൻ ഇന്ത്യൻ ശ്രദ്ധയാണ് നേടിയത്. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആക്ഷൻ, ചേസ്, ത്രില്ലിംഗ് രംഗങ്ങൾ നിറഞ്ഞ, ഒരു പക്കാ സ്റ്റൈലിഷ് ഫാൻ്റസി ത്രില്ലർ ആയാണ് ചിത്രം എത്തുന്നത്. ദുൽഖർ സൽമാൻ്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആയ കഥാപാത്രത്തെയാണ് അദ്ദേഹം ഇതിൽ അവതരിപ്പിക്കുന്നത്.