ആരും തന്നെ വിശ്വസിക്കാതിരുന്നപ്പോൾ യഷ് മാത്രമാണ് തന്നിൽ വിശ്വാസം അർപ്പിച്ചതെന്ന് ​ഗീതു മോഹൻദാസ്

 

 

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' റിലീസിനൊരുങ്ങുകയാണ്. ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ ​ഗീതു പറ‍ഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ആരും തന്നെ വിശ്വസിക്കാതിരുന്നുപ്പോൾ യഷ് മാത്രമാണ് തന്നിൽ വിശ്വാസം അർപ്പിച്ചതെന്ന് ​ഗീതു പറഞ്ഞു. "നയൻതാര നീളമുള്ളൊരു കുറിപ്പ് തയ്യാറാക്കി തന്നിട്ടുണ്ടായിരുന്നു.

പക്ഷേ, എനിക്കിപ്പോൾ അത് കാണാൻ കഴിയുന്നില്ല. അതുകൊണ്ട് മനസിൽ തോന്നുന്നത് അപ്പപ്പോൾ സംസാരിക്കാം എന്ന് കരുതുന്നു. ഇത് വളരെ മനോഹരമായി തോന്നുന്നു. എന്റെ ചലച്ചിത്ര യാത്രയെക്കുറിച്ച് ഞാൻ പിന്നോട്ട് ചിന്തിക്കുകയാണ്. നാലര വയസ്സുള്ളപ്പോഴാണ് ഞാൻ സിനിമയുടെ ലോകത്തേക്ക് വരുന്നത്.

എവിടെ നിന്നാണോ ഞാൻ തുടങ്ങിയത്, അവിടെ നിന്ന് ഇന്ന് ഞാൻ നിൽക്കുന്ന ഈ നിമിഷം വരെയുള്ള വഴികളിലേക്ക് കണ്ണോടിക്കുകയായിരുന്നു. ഞാൻ വളരെ മോശം ഒരു വിദ്യാർഥിയായിരുന്നു; സ്‌കൂളിൽ നിരന്തരം പരാജയപ്പെട്ടിരുന്ന ഒരാൾ. കായിക മത്സരങ്ങളിലോ മറ്റ് വിശേഷങ്ങളിലോ ഒന്നും ആരും എന്നെ പരിഗണിച്ചിരുന്നില്ല. ഒരു സമ്പൂർണ പരാജയമാണ് ഞാനെന്ന് എനിക്ക് തോന്നിയിരുന്നു.

പക്ഷേ, പരാജയങ്ങളുടെ ആ നാളുകളിൽ എന്റെ അച്ഛൻ പറഞ്ഞ ഒരു വാക്ക് എന്റെ ഹൃദയത്തിൽ കൊത്തിവെക്കപ്പെട്ടു. അച്ഛൻ ചോദിച്ചു: "നീ നിരന്തരം തോൽക്കുകയാണല്ലോ, ഭാവിയിൽ എന്താകാനാണ് നിന്റെ ആഗ്രഹം ?. ഞാൻ പറഞ്ഞു: എനിക്കൊരു ബേക്കർ ആകണം. ’അപ്പോൾ അച്ഛൻ പറഞ്ഞു: ‘എന്നാൽ, ഈ നാട്ടിലെ ഏറ്റവും മികച്ച ബേക്കർ നീ ആയിരിക്കാൻ ശ്രദ്ധിക്കുക'. ആ വാക്കുകൾ എന്നിൽ ഒരു ലക്ഷ്യബോധം ഉണ്ടാക്കി.