ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണങ്ങളുമായി 'ഐ ആം ഗെയിം'

 

 

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഐ ആം ഗെയിം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുൽഖർ നായകനായി മലയാളത്തിൽ തിരിച്ചെത്തിയ ചിത്രം കൂടിയാണ് ഐ ആം ഗെയിം. മികച്ച ആദ്യ പകുതിയും ദുൽഖറിന്റെ ഗംഭീര പ്രകടനവുമാണ് ചിത്രത്തിൻറെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലെ പ്രേക്ഷക പ്രതികരണങ്ങൾ. കൂടെ ആന്റണി വർഗീസിന്റെയും കയാദു ലോഹറിന്റെയും മിഷ്‌കിന്റെയും മികച്ച പ്രകടനങ്ങൾ ചിത്രത്തിലുണ്ടെന്നാണ് ആദ്യ പ്രതികരണങ്ങൾ. 2 മണിക്കൂർ 53 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം.

ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി എത്തിയ ‘ഐ ആം ഗെയിം’ ഒരു ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലറാണ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.