പ്രണവ് മോഹൻലാൽ - രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ റിലീസ് ട്രെയ്‌ലർ പുറത്ത്

 

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, പ്രണവ് മോഹൻലാൽ - രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ യുടെ റിലീസ് ട്രെയ്‌ലർ പുറത്ത്. ഒക്ടോബർ 31 ന് ചിത്രം ആഗോള റിലീസായെത്തും. ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലർ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ച ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. 'ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’.

ആദ്യ ട്രെയ്‌ലർ സമ്മാനിച്ച പ്രതീക്ഷകളെ വർധിപ്പിക്കുന്ന രീതിയിലാണ് ഈ റിലീസ് ട്രെയ്‌ലറും ഒരുക്കിയിരിക്കുന്നത്. ഉദ്വേഗവും ആകാംഷയും മിസ്റ്ററിയും നിറഞ്ഞ ഹൊറർ ത്രില്ലർ ചിത്രമാണിതെന്ന സൂചനയാണ് ഇപ്പോൾ വന്ന ട്രെയ്‌ലറും പ്രേക്ഷകർക്ക് നൽകുന്നത്. നിലവാരമുള്ള ദൃശ്യങ്ങളും ഗംഭീര സംഗീതവും കോർത്തിണക്കി വമ്പൻ സാങ്കേതിക നിലവാരത്തിൽ ഒരുക്കിയ ചിത്രമാണിതെന്ന് ഇതിന്റെ ടീസർ, ട്രെയ്‌ലറുകൾ എന്നിവ കാണിച്ചു തരുന്നു. സെൻസറിങ് പൂർത്തിയായപ്പോൾ A സർട്ടിഫിക്കറ്റ് ലഭിച്ച ‘ഡീയസ് ഈറേ’ യുടെ റിലീസിനായി ഏറെ ആവേശത്തോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. ക്രിസ്റ്റോ സേവ്യർ ഈണമിട്ട ചിത്രത്തിലെ ഗാനവും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 'ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടൈറ്റിലോടെയുള്ള ഗാനമാണ് ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്നത്. .