ധുരന്ദര്‍ ചിത്രം ഒടിടി അവകാശം വിറ്റുപോയത് വമ്പൻ തുകയ്ക്ക്

 

രണ്‍വീര്‍ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്‍ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. കളക്ഷനിൽ വമ്പൻ കുതിപ്പ് തുടരുന്ന ചിത്രം ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 1000 കോടി രൂപയാണ് സ്വന്തമാക്കിയത്. ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ച കണക്കുകളാണ് പുറത്തുവരുന്നത്. നെറ്റ്ഫ്ലിക്‌സാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ്ങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം വമ്പൻ തുകയ്ക്കാണ് ഒടിടി അവകാശം വിറ്റുപോയതെന്നും റിപ്പോർട്ടുകളുണ്ട്. 130 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് സ്ട്രീമിങ് അവകാശം സ്വന്തമാക്കിയതെന്ന് ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 19 മുതലായിരിക്കും ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിക്കുക.

എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വയലൻസിന്റെ പേരില്‍ കട്ടുകളും നിര്‍ദ്ദേശിച്ചിരുന്നു. മൂന്ന് മണിക്കൂര്‍ 34 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ബജറ്റ് 280 കോടിയാണ്. രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്‍ത അനിമലിന്റെ ലൈഫ് ടൈം കളക്ഷനെ ധുരന്ദര്‍ ഇതിനകം മറികടന്നിരുന്നു. ഇന്ത്യൻ ബോക്സ് ഓഫീസില്‍ അനിമലിന്റെ ലൈഫ് ടൈം കളക്ഷൻ 553 കോടി രൂപയായിരുന്നു.