വിജയ്‍യുടെ ജനനായകൻ ഒടിടിയില്‍ എത്തി

 

 

2026ലെ തമിഴ് ചിത്രങ്ങളിൽ ആഗോളതലത്തിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയ ചിത്രമായി മുന്നേറിയിരിക്കുകയാണ് ദളപതി വിജയ് നായകനായ ‘ജനനായകൻ’. 325 കോടിയിലധികം രൂപയുടെ ആഗോള ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അതിനിടെ ജനനായകൻ ഒടിടിയിലും എത്തിയിരിക്കുകയാണ്. സീ5ലാണ് ജനനായകന്റെ സ്‍ട്രീമിംഗ് നടക്കുന്നത്.

കാത്തിരിപ്പുകൾക്കും പ്രതീക്ഷകൾക്കും ഒടുവിൽ തിയേറ്ററുകളിലെത്തിയ ‘ജനനായകനെ’ ആഘോഷമാക്കി മാറ്റിയത് പ്രേക്ഷകരും വിജയ് ആരാധകരുമാണ്. ദളപതി വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന വൈകാരികതയോടെയാണ് ആരാധകർ ചിത്രത്തെ ഹൃദയത്തോട് ചേർത്തുപിടിച്ചത്. സിനിമയുടെ വിവിധ രംഗങ്ങൾക്കൊപ്പം ‘ചീഫ് മിനിസ്റ്റർ ജോസഫ് വിജയ്’ എന്ന ടൈറ്റിൽ കാർഡിനും തിയേറ്ററുകളിൽ വലിയ കൈയടിയാണ് ലഭിച്ചത്. വിജയ്‌യുടെ സിനിമാ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങൾ കോർത്തിണക്കിയ അവസാന ട്രിബ്യൂട്ട് വീഡിയോയും പ്രേക്ഷകരെ ഏറെ വൈകാരികമായി സ്വാധീനിച്ചു.

കേരളത്തിലും മികച്ച പ്രകടനമാണ് ‘ജനനായകൻ’ കാഴ്ചവെച്ചത്. കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 17 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷൻ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ 150 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയ ചിത്രം ഇപ്പോഴും ശക്തമായ പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്ത ‘ജനനായക’ന്റെ സംഗീത സംവിധാനം അനിരുദ്ധാണ്. ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.