എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ ഒരു നാലുമണി പലഹാരം

 

ഉഴുന്നിന് പകരം റവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ വടയുടെ റെസിപ്പി പരിചയപ്പെടാം.

അതിനായി ആദ്യം ഒരു കപ്പ് റവയിൽ ഒരു കപ്പ് കട്ടിയുള്ള തൈര് ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു 15-20 മിനിറ്റ് മാറ്റിവയ്ക്കുക. റവ നന്നായി കുതിർന്നാൽ അതിലേക്ക് ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലിയില എന്നിവ ചേർക്കണം. ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ ജീരകവും ചേർത്താൽ രുചി കൂടും. മാവ് വളരെ കട്ടിയാണെങ്കിൽ ഒന്നോ രണ്ടോ ടേബിൾസ്പൂൺ വെള്ളം ചേർത്ത് വടയുടെ പരുവത്തിലാക്കുക. അവസാനം ഒരു നുള്ള് ബേക്കിങ് സോഡയോ ഫ്രൂട്ട് സാൾട്ടോ ചേർത്ത് പതുക്കെ ഇളക്കുക.

കൈയിൽ അൽപം വെള്ളം നനച്ച് മാവ് ചെറിയ ഉരുളകളാക്കി നടുവിൽ ദ്വാരം ഉണ്ടാക്കി ചൂടായ എണ്ണയിൽ ഇടുക. മീഡിയം തീയിൽ ഇരുവശവും സ്വർണനിറമാകുന്നതുവരെ വറുത്തെടുക്കുക. രുചികരമായ റവ വട തയാർ.