ബാക്കിവന്ന ചോറ് ഇനി കളയണ്ട; വൈകുന്നേരം ചായയ്‌ക്കൊപ്പം ക്രിസ്പി പക്കാവട തയ്യാറാക്കാം!

 

ബാക്കിവന്ന ചോറ് ഉപയോഗിച്ച് നമ്മുക്ക് ഒരു നല്ല ക്രിസ്പിയായ പക്കാവട ഉണ്ടാക്കാം. തയ്യാറാക്കാനും എളുപ്പം.

ആവശ്യമായ ചേരുവകൾ

  • ചോറ് - ഒരു കപ്പ്
  • കടലമാവ് - അര കപ്പ്
  • മുളകുപൊടി - അര ടീസ്പൂൺ
  • സവാള - ഒന്ന്
  • പച്ചമുളക് - രണ്ട്
  • ഇഞ്ചി - ഒരു ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)
  • കറിവേപ്പില - ആവശ്യത്തിന്
  • ഉപ്പ്, എണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ചോറ് ഒരു പാത്രത്തിലേക്ക് മാറ്റി കൈകൊണ്ടോ സ്പൂൺ ഉപയോഗിച്ചോ ചെറുതായി ഉടച്ചെടുക്കുക. പൂർണമായും പേസ്റ്റ് രൂപത്തിലാക്കേണ്ടതില്ല. ഇതിലേക്ക് അരിഞ്ഞുവെച്ച സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർക്കുക. പിന്നാലെ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക.

ഇതിലേക്ക് കടലമാവ് ചേർത്ത് കുഴച്ചെടുക്കാം. മിശ്രിതം നന്നായി യോജിക്കാൻ ആവശ്യമെങ്കിൽ മാത്രം അൽപം വെള്ളം ചേർക്കാം. തയ്യാറാക്കിയ മിശ്രിതം ചെറിയ കഷ്ണങ്ങളാക്കി പരത്തുകയോ ഉരുട്ടുകയോ ചെയ്യാം.

പാനിൽ എണ്ണ ചൂടാക്കിയ ശേഷം തയ്യാറാക്കിയ മിശ്രിതം ചെറിയ ഭാഗങ്ങളായി എണ്ണയിലിട്ട് വറുത്തെടുക്കുക. ഇടത്തരം തീയിൽ ഇരുവശവും നല്ല സ്വർണനിറത്തിൽ മൊരിഞ്ഞുവരുന്നതുവരെ വറുത്താൽ ക്രിസ്പിയായ ചോറ് പക്കാവട തയ്യാർ. ചൂടുചായയ്‌ക്കൊപ്പം വിളമ്പാം!