ശരീരത്തിന് ഏറെ ഗുണകരം;കയ്പ്പില്ലാതെ തയ്യാറാക്കാം ഉലുവചീര ദോശ

 

ശരീരത്തിന് ഏറെ ഗുണകരമാണ് ഉലുവയില ചേർത്ത ദോശ. പ്രമേഹമുള്ളവർക്കും ഇത് നല്ലൊരു ഓപ്ഷനാണ്. ഉലുവയിലയിലെ നാരുകൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുകയും ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ദഹനം മെച്ചപ്പെടുത്താനും കൊളസ്‌ട്രോൾ കുറയ്ക്കാനും ഇത് ഗുണകരമാണ്. വിറ്റാമിൻ A, C, K, ഇരുമ്പ്, കാൽസ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.


ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ
ഉലുവചീര (അരിഞ്ഞത്) - 1 കപ്പ്
പച്ചരി - 1 കപ്പ്
ഉഴുന്ന് - 2 ടേബിൾസ്പൂൺ
ഉലുവ - ½ ടീസ്പൂൺ
തേങ്ങ ചിരകിയത് - ½ കപ്പ്
പച്ചമുളക് - 2
ഉപ്പ് - ആവശ്യത്തിന് 


തയ്യാറാക്കുന്ന വിധം 

അരിയും ഉഴുന്നും ഉലുവയും നന്നായി കഴുകി 4-5 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. കുതിർത്ത അരിയും ഉഴുന്നും തേങ്ങയും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഉപ്പും ചേർത്ത് യോജിപ്പിക്കുക.

ചീര നന്നായി കഴുകി വെള്ളം കളഞ്ഞ ശേഷം ചെറുതായി അരിയുക. ഇത് നേരിട്ട് മാവിൽ ചേർത്ത് ഇളക്കി ഉപയോഗിക്കാം. (കയ്പ്പ് കുറയ്ക്കണമെന്നുണ്ടെങ്കിൽ ചീര അല്പം എണ്ണയിൽ വഴറ്റിയ ശേഷം മാവിൽ ചേർക്കാവുന്നതാണ്).

ദോശക്കല്ല് ചൂടാക്കി അല്പം എണ്ണ പുരട്ടുക. ഒരു തവി മാവ് ഒഴിച്ച് വട്ടത്തിൽ പരത്തുക. അല്പപം നെയ്യോ എണ്ണയോ ചുറ്റും ഒഴിച്ചു കൊടുക്കാം. രണ്ട് വശവും മൊരിഞ്ഞു വരുമ്പോൾ എടുക്കാം.