ചക്കയും നേന്ത്രപ്പഴവും മാത്രമല്ല; പഴുത്ത മാങ്ങ കൊണ്ടും തയ്യാറാക്കാം സ്വാദേറിയ ഇലയട

 

കേരളീയരുടെ പരമ്പരാഗത നാലുമണി പലഹാരങ്ങളിൽ പ്രധാന സ്ഥാനമുള്ളതാണ് ഇലയട. സാധാരണയായി ചക്കയോ നേന്ത്രപ്പഴമോ ഉപയോഗിച്ചാണ് ഇലയട തയ്യാറാക്കുന്നത്. എന്നാൽ പഴുത്ത മാങ്ങ ചേർത്തും രുചികരമായ ഇലയട ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങൾ

  • പഴുത്ത മാങ്ങ അരച്ചത് - 2 എണ്ണം
  • ശർക്കര - 250 ഗ്രാം
  • തേങ്ങ ചുരണ്ടിയത് - അരമുറി
  • ഏലക്ക - 5 എണ്ണം (ചതച്ചത്)
  • അരിപ്പൊടി - 3 കപ്പ്
  • റവ - 1 കപ്പ്
  • നെയ്യ് - 1 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • ഇളംചൂട് വെള്ളം - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരിപ്പൊടി, റവ, അരച്ച മാങ്ങ എന്നിവയിൽ നെയ്യും ആവശ്യത്തിന് ഉപ്പും ചേർത്ത് കുറേശെ ഇളം ചൂട് വെള്ളവും ചേർത്ത് കുഴച്ചെടുക്കുക.മറ്റൊരു പാത്രത്തിൽ തേങ്ങ ചുരണ്ടിയത്, ശർക്കര, ചതച്ച ഏലക്ക എന്നിവ നന്നായി യോജിപ്പിച്ച് വെക്കുക.ശേഷം വാഴയിലയിലോ വട്ടയിലയിലോ മാവ് പരത്തി നടുവിൽ തേങ്ങാ-ശർക്കര കൂട്ട് വെക്കുക. ശേഷം ഇല മടക്കി അപ്പച്ചെമ്പിലോ സ്റ്റീമറിലോ വച്ച് ആവിയിൽ നന്നായി വേവിച്ചെടുക്കുക. ഏകദേശം 15-20 മിനിറ്റ് വേവിച്ചാൽ സ്വാദിഷ്ടമായ മാമ്പഴ ഇലയട തയ്യാറാകും