രുചികരമായ സൂജി ഹൽവ ഉണ്ടാക്കാം
ചേരുവകൾ
- ഗോതമ്പ് റവ – 1 കപ്പ്
- പൊടിച്ച ശർക്കര – 1 കപ്പ്
- ചൂടുവെള്ളം – 2½ മുതൽ 3 കപ്പ് വരെ
- നെയ്യ് – 3 മുതൽ 4 ടേബിൾസ്പൂൺ
- കശുവണ്ടി, ബദാം, ഉണക്കമുന്തിരി – ആവശ്യത്തിന്
- ഏലയ്ക്കാപ്പൊടി – ½ ടീസ്പൂൺ
- കുങ്കുമപ്പൂവ് – ഒരു നുള്ള്
- ചൂടുപാൽ – കുങ്കുമപ്പൂവ് കുതിർക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ ഒന്നര ടേബിൾസ്പൂൺ നെയ്യ് ചൂടാക്കുക. ഇതിലേക്ക് കശുവണ്ടി, ബദാം, ഉണക്കമുന്തിരി എന്നിവ ചേർത്ത് കുറഞ്ഞ തീയിൽ നേരിയ സ്വർണനിറമാകുന്നതുവരെ വറുത്തെടുക്കുക. വറുത്ത ഡ്രൈ ഫ്രൂട്ട്സ് കോരി മാറ്റിവയ്ക്കുക.
അതേ പാനിലേക്ക് ഗോതമ്പ് റവ ചേർത്ത് നല്ല സുഗന്ധവും നേരിയ സ്വർണനിറവും ലഭിക്കുന്നതുവരെ വറുക്കുക.ശേഷം തിളപ്പിച്ച ചൂടുവെള്ളം പതുക്കെ ഒഴിക്കുക. കട്ടപിടിക്കാതിരിക്കാൻ തുടർച്ചയായി നന്നായി ഇളക്കണം. പാൻ അടച്ചുവച്ച് കുറഞ്ഞ തീയിൽ ഏകദേശം അഞ്ച് മിനിറ്റ് വേവിക്കുക. റവ നന്നായി വെന്ത് മൃദുവായി വെള്ളം മുഴുവൻ ആഗിരണം ചെയ്യുന്നതുവരെ വേവിക്കണം.
അതിനുശേഷം പൊടിച്ച ശർക്കര ചേർത്ത് നന്നായി ഇളക്കുക. ശർക്കര അലിഞ്ഞ് ഹൽവയുമായി നന്നായി ചേരുമ്പോൾ ബാക്കിയുള്ള നെയ്യ് കുറേശ്ശെയായി ചേർത്ത് ഇളക്കിക്കൊണ്ടിരിക്കുക.ഏലയ്ക്കാപ്പൊടിയും ചൂടുപാലിൽ കുതിർത്തുവച്ച കുങ്കുമപ്പൂവും ചേർത്ത് നന്നായി യോജിപ്പിക്കുക. ഹൽവ പാനിന്റെ വശങ്ങളിൽ നിന്ന് വിട്ടുതുടങ്ങുകയും നെയ്യ് തെളിഞ്ഞുവരികയും ചെയ്യുമ്പോൾ തീ ഓഫ് ചെയ്യാം.അവസാനം വറുത്തുവച്ച കശുവണ്ടി, ബദാം, ഉണക്കമുന്തിരി എന്നിവ ചേർത്ത് ഇളക്കുക.നല്ല രുചിയുള്ള ഗോതമ്പ് റവ ശർക്കര ഹൽവ തയ്യാർ!