ചുട്ട തക്കാളി ചമ്മന്തി - ഒരു നാടൻ രുചിക്കൂട്ട്
തീയിൽ ചുട്ടെടുത്ത തക്കാളിയുടെ പുകമണം, ചെറിയ ഉള്ളിയുടെ എരിവും വെളിച്ചെണ്ണയുടെ നാടൻ രുചിയും ചേരുമ്പോൾ കിട്ടുന്നൊരു കിടിലൻ ചമ്മന്തി. ചോറിനും കഞ്ഞിക്കും ദോശയ്ക്കുമെല്ലാം ഒപ്പം കഴിക്കാൻ പറ്റുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ചമ്മന്തി ഉണ്ടാക്കാം
ആവശ്യമായ ചേരുവകൾ:
തക്കാളി - 2 എണ്ണം
ചെറിയ ഉള്ളി - ഒരു കൈപ്പിടി (ചെറുതായി അരിഞ്ഞത്)
ചീനമുളക് - ആവശ്യത്തിന് (പച്ചമുളകും ഉപയോഗിക്കാം)
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 3 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
ആദ്യം തക്കാളി തീയിൽ വച്ച് നന്നായി ചുട്ടെടുക്കുക. ശേഷം തക്കാളിയുടെ തൊലി കളഞ്ഞ് ചീനമുളകും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക.
അരച്ചെടുത്ത തക്കാളി ഒരു ബൗളിലേക്ക് മാറ്റി അതിലേക്ക് അരിഞ്ഞ ചെറിയ ഉള്ളിയും ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും ചേർക്കുക. എല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക.
നാടൻ രുചിയിൽ തയ്യാറാക്കിയ ചുട്ട തക്കാളി ചമ്മന്തി തയ്യാർ. ചൂടുചോറിനും കഞ്ഞിക്കും ഒപ്പം വിളമ്പാം.