മറക്കരുത്, ഇന്ത്യ ചന്ദ്രനിലേക്കുള്ള വഴി വെട്ടിയതെങ്ങനെ എന്ന്; പാക് അവസ്ഥ നൽകുന്ന പാഠങ്ങൾ
ചന്ദ്രകാന്ത് പി.ടി.
1947 ൽ ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയ 'പാകിസ്ഥാൻ ഡോ മീനിയൻ' 1956ൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാൻ എന്ന പേര് സ്വീകരിക്കുന്നത് വരെ പ്രത്യക മതമൊന്നുമില്ലായിരുന്നു. 1977 ജൂലൈയിൽ, 'ജനറൽ സിയാ - ഉൾ - ഹക്ക്' സൈനിക ആട്ടിമറിയിലൂടെ 'സുൽഫികർ അലി ഭൂട്ടോ' യെ പുറത്താക്കുകയും 1978 സെപ്റ്റംബറിൽ പാകിസ്ഥന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതോടെയാണ് യഥാർഥത്തിൽ പാകിസ്ഥാനിൽ ഇസ്ലാമിക വൽക്കരണം ആരംഭിക്കുന്നത്. അദ്ദേഹം പാകിസ്ഥാനിൽ 'നിസാം - ഇ - മുസ്തഫയുടെ' (പ്രവാചകന്റെ ) ഭരണം സ്ഥാപിച്ചു.
ഇസ്ലാമിക സിവിൽ / ക്രിമിനൽ നിയമങ്ങൾ. ഇസ്ലാമിക കോടതികൾ, ഇസ്ലാമിക രീതിയിൽ കേസുകൾ തീർപ്പാക്കൽ, കല്ലെറിഞ്ഞു കൊല്ലൽ, കൈ വെട്ടുക, തല വെട്ടുക തുടങ്ങിയ ശിക്ഷാ വിധികളും നടപ്പാക്കി. ബ്ലഡ് മണി പോലുള്ളവയും ശരിയത്തു കോടതികളിൽ പതിവായി. അതുവരെ ഇന്ത്യയിൽ ഉള്ളതുപോലെ ബ്രിട്ടീഷ് രീതിയിലുള്ള കോടതികൾ തന്നെയായിരുന്നു പാകിസ്ഥാനിലും ഉണ്ടായിരുന്നത്. ഭണഘടനയിൽ 1956 മുതൽ ഇസ്ലാമിക സ്റ്റേറ്റ് ആയിരുന്നു എങ്കിലും കോടതികളും സിവിൽ/ക്രിമിനൽ നിയമങ്ങളും 1977 വരെ ഏതാണ്ട് സെക്കുലർ രാജ്യത്തിന്റേത് പോലെയായിരുന്നു.
'സിയായുടെ' നിർദ്ദേശപ്രകാരം സ്‌കൂളുകളിൽ ശാസ്ത്ര പാഠങ്ങളെക്കാൾ ഖുറാനിലെ ഭാഗങ്ങളും അക്കാലത്തെ 'മിത്തിൽ' അധിഷ്ഠിതമായ കഥകളും പഠിപ്പിച്ചു തുടങ്ങി. സ്‌കൂളുകളിലും ലൈബ്രറികളിലും ഇസ്ലാമിക് വിരുദ്ധം എന്ന് മത പണ്ഡിതന്മാർക്ക് തോന്നിയ എല്ലാം നീക്കം ചെയ്തു. ഭരണത്തിലും സമൂഹത്തിലും 'ഉലമാക്കളുടെയും'(ഇസ്ലാമിക പുരോഹിതന്മാർ ) ഇസ്ലാമിക പാർട്ടികളുടെയും സ്വാധീനം വർധിച്ചു. ടിവികളിൽ, റേഡിയോയിൽ, വാർത്താ മാധ്യമങ്ങളിൽ ഒക്കെ യഥാസ്ഥിതിക ഇസ്ലാം മത പണ്ഡിതന്മാർ നിറഞ്ഞു. എല്ലാറ്റിനേയും ഇസ്ലാം വീക്ഷണത്തിൽ അവതരിപ്പിക്കുകയും ആധുനിക ശാസ്ത്ര നേട്ടങ്ങൾ ഒക്കെ മതഗ്രന്ഥത്തിന്റെ സംഭവനയാണ് എന്നു സമൂഹത്തെ നിരന്തരം പറഞ്ഞു പഠിപ്പിക്കുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമിയിൽ നിന്നുള്ളവരെ സർക്കാർ പദവികളിൽ അവരോധിച്ചു. 1984 ൽ നടന്ന റഫറണ്ടത്തിൽ 97.7% ജനങ്ങളും ഇസ്ലാമിക വൽക്കരണത്തെ സ്വാഗതം ചെയ്തു. 1988 ഓഗസ്റ്റ് 17ന് വിമാന അപടത്തിൽ പെട്ട് മരണം സിയാ- ഉൾ- ഹക്ക്‌നെ കീഴ്‌പെടുത്തി എങ്കിലും അദ്ദേഹം സ്ഥാപിച്ച മത ഭരണം ഇന്നും അതേ രീതിയിൽ തുടർന്നു.
പിന്നീട് പട്ടാള ആട്ടിമറിയിലൂടെ തന്നെ വന്ന ജനറൽ പർവേഷ് മുഷാറാഫും സിയയുടെ പാത തന്നെ പിൻതുടർന്നു. 2001-2008 വരെ പാകിസ്ഥാൻ ഭരിച്ച അദ്ദേഹം ഒരു പടിക്കൂടി കടന്ന് സൈനിക മേധാവികളെ വരെ ഇന്ത്യയുടെ ISRO ക്ക് സമാനമായ പാകിസ്ഥന്റെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമായ SUPARCO ന്റെ തലപ്പത്തു നിയമിച്ചു തുടങ്ങി. സയൻസ് വിഷയത്തിൽ ബേസിക് ഡിഗ്രിയും 'ഉയർന്ന മത ബോധവുമാണ്' ഈ നിയമനത്തിനുള്ള മാനദണ്ഡം. ഇപ്പോഴും അത്തരം അപ്പോയിന്മെന്റുകൾ തുടരുന്നു. ഈ സമയങ്ങളിൽ ഭണാധികാരികളെ സഹായിച്ച വൻ ബിസിനസുകാർക്ക് വിദേശങ്ങളിലും സ്വദേശത്തും ധാരാളം പണം കുന്നു കൂട്ടി. പാകിസ്താന്റെ പോളിസികൾ അവർ തീരുമാനിച്ചു. അല്ലെങ്കിൽ അവർക്ക് ഗുണമെന്നുണ്ടാകുന്ന രീതിയിൽ നയങ്ങൾ രൂപപ്പെട്ടു. സാധാരണക്കാർ മതം തിന്നു ജീവിക്കുന്ന അവസ്ഥയിൽ എത്തി. പാകിസ്ഥന്റെ സാമ്പത്തികം തകർന്ന് തരിപ്പണമായി. മതം തലക്ക് പിടിച്ചപ്പോൾ അഫ്ഗാനിലെ താലിബാനെ തീറ്റിപോറ്റുന്ന പണിയും പാകിസ്ഥാൻ ജനതയുടെ ജോലിയും ഉത്തരവാദിത്വവുമായി. ചുരുക്കത്തിൽ 1977 തൊട്ട് പാകിസ്ഥാൻ ശാസ്ത്രത്തിലും, സാങ്കേതിക വിദ്യയിലും വളരെ താഴോട്ട് പോയി എന്നു കാണാം. സാമ്പത്തികവും സാങ്കേതികവും സാമൂഹികവുമായ ഉന്നമനത്തിനു ഇന്ത്യയെ പോലെ നല്ല അടിത്തറ പാകിയ ആദ്യകാല ഭരണാധികാരികൾ അവർക്ക് ഇല്ലാതെ പോയി.
ആധുനിക ശാസ്ത്ര നേട്ടങ്ങളെ മതവും പഴയ കാലഘട്ട ചിന്തയുമായി ഇഴ ചേർക്കാൻ നടന്ന സ്‌കൂൾ പഠന രീതികളും സർക്കാർ സ്‌പോൺസർഡ് സെമിനാറുകളും ഉദ്‌ബോധനങ്ങളും, മതത്തിൽ അടിസ്ഥാനമാക്കി മാത്രം ആധുനിക ശാസ്ത്രത്തെ സമീപിച്ചതുമാണ് നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന പാകിസ്ഥന്റെ ശാസ്ത്രത്തിലുള്ള കുതിച്ചു ചാട്ടത്തെ തടഞ്ഞത് എന്ന് 'DAWN' എന്ന പാകിസ്ഥാൻ ഇംഗ്ലീഷ് പത്രം പറയുന്നത്. 1977 ന് മുൻപേ ആണവ വിദ്യയും മിസൈൽ സാങ്കേതിക വിദ്യയും കൈക്കലാക്കിയ പാകിസ്ഥന്റെ ശാസ്ത്രം അസ്തമിക്കുന്നതാണ് പിന്നെ ലോകത്തിനു കാണാൻ കഴിഞ്ഞത്, 2019 ൽ ഇന്ത്യ 'ചന്ദ്രയാൻ 2' വിക്ഷേപിക്കാൻ തയ്യാറായ സമയത്തു DAWN പത്രത്തിൽ വന്ന ലേഖനം ഇക്കാര്യം സൂചിപ്പിക്കുന്നു..
ഈ കാലഘട്ടത്തിൽ ഇന്ത്യക്ക് എന്തു സംഭവിച്ചു എന്ന് നോക്കാം.
യഥാർത്ഥത്തിൽ ഇന്ത്യ ശാസ്ത്ര സാങ്കേതിക സാമ്പത്തിക രംഗത്തു കുതിച്ചു ചാട്ടം ഉണ്ടാക്കിയതും ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ അനേകം രാജ്യങ്ങളെക്കാൾ ഏറെ മുന്നിലെത്തിയതും 'മതത്തെക്കാൾ ശാസ്ത്രത്തിനു' പ്രാധാന്യം കൊടുത്തിരുന്ന നെഹ്‌റു എന്ന പ്രധാനമന്ത്രി ഇന്ത്യക്ക് ഉണ്ടായതുകൊണ്ട് മാത്രമാണ്. പുരാണങ്ങളുടേയും മിത്തുകളുടെയും പുറകേ പോകാതെ അവയിലെ കഥകൾക്ക് ആധുനിക ശാസ്ഗ്രത്തിന്റെ മേമ്പൊടി ചേർക്കാതെ ശാസ്ത്രം കുട്ടികളെ പഠിപ്പിച്ചതുകൊണ്ടാണ് നമുക്ക് ഈ നേട്ടം കൈവന്നത്. ഏതാനും പട്ടാളക്കാരും രണ്ടു ഡക്കോട്ട വിമാനങ്ങളും നാലു ടാങ്ക്കളുമാണ് ബ്രിട്ടൻ സ്വാതന്ത്രത്തിന്റെ താക്കോൽ നമുക്ക് തരുമ്പോൾ ഉണ്ടായിരുന്നത്. ഖജനാവിൽ 4 ഓ 5 ഓ കോടി രൂപ മാത്രം. ആറിൽ ഒരാൾക്ക് എഴുതാനോ വായിക്കാനോ കഴിവില്ലായിരുന്നു. 'ഉടൻ കൊല്ലി' വൈദ്യന്മാർ അല്ലാതെ ആശുപത്രികൾ നാട്ടിൽ ഇല്ലാത്ത കാലം.
പട്ടിണി മാത്രമാണ് അന്ന് 'സമൃദ്ധയായി' ഉണ്ടായിരുന്നത്. അന്ന് രണ്ടു കോടീശ്വരന്മാർ മാത്രം.. ടാറ്റയും, ബിർളയും. നശിച്ചു നാരായ വേരും പിഴുത് നിൽക്കുന്ന അന്നത്തെ ഇന്ത്യയിൽ പണം മുടക്കാൻ ഒരു വിദേശിയും ഇല്ലായിരുന്നു. അതുകൊണ്ടാണ് 'മിക്‌സഡ് ഇക്കണോമി' നെഹ്‌റു കൊണ്ടുവന്നത്. നെഹ്‌റു 1951തുടങ്ങിയ പഞ്ചവത്സര പദ്ധതികളാണ് ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയത് . അതിലാണ് നാം എല്ലാം കെട്ടിപടുത്തത്.
1950 ൽ തന്നെ മികച്ച സാങ്കേതിക മികവ് ഉള്ള യുവാക്കളെ വാർത്തെടുക്കാൻ ITI (Industrial Training Institute ) സ്ഥാപിച്ചു. പിന്നെ എഞ്ചിനീയറിങ് കോളേജുകൾ, IIT കൾ, 1956 ൽ തന്നെ AIIMS തുടങ്ങി. 1962 ൽ തന്നെ ബഹിരാകാശ ഗവേഷണത്തിനായി The Indian National Committee for Space Research (INCOSPAR) സ്ഥാപിച്ചു. 1969 ൽ അതു ISRO എന്ന പേരിൽ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഭരണത്തിൽ, Department of space ന്റ കീഴിൽ സ്ഥാപിതമാക്കി.
ഒപ്പം സ്‌കൂളുകളിൽ എല്ലാം ശാസ്ത്ര വിഷയങ്ങൾക്ക് പ്രാധാന്യമുള്ള പഠനം പ്രോത്സാഹിപ്പിച്ചു. ശാസ്ത്രത്തിൽ അടിസ്ഥാനമാക്കി 1960 ൽ പാരമ്പര്യ കൃഷി രീതിക്കു പകരം അത്യുല്പാദന വിത്തുകളും രാസവളങ്ങളും ഉപയോഗിച്ചു കുറച്ചു സ്ഥലത്തുനിന്ന് കൂടുതൽ വിള കിട്ടുന്ന ഹരിത വിപ്ലവം (Green Revolution) തുടങ്ങി. അങ്ങിനെയാണ് ഇന്ത്യയുടെ പട്ടിണിക്ക് കുറച്ചെങ്കിലും ആശ്വാസമായത് . രാജ്യത്തെങ്ങും ധന്യങ്ങൾ എത്തിക്കാൻ FCI ഗോഡൗണുകൾ, റെയിൽ ചരക്ക് ഗതാഗതം വർദ്ധിപ്പിച്ചു. പൊതു മേഖലാ സ്ഥാനങ്ങൾ, കൽക്കരി, ഓയിൽ എന്നിവയിൽ സർക്കാർ ആധിപത്യം ഉണ്ടാക്കി. അതു രാജ്യത്ത് വികസനത്തിന് മുതൽക്കൂട്ട് ആയി.
ചുരുക്കത്തിൽ 1947ൽ സ്വാതന്ത്ര്യം കിട്ടിയ പാകിസ്ഥാൻ ഇടക്ക് വച്ചു മതത്തിന് അമിത പ്രാധാന്യം കൊടുത്തപ്പോൾ ഇന്ത്യ മതത്തെ ഒരു വശത്തേക്ക് മാറ്റി നിർത്തി ശാസ്ത്രത്തിന്റ പിറകേ പോയി. 2014 ആയപ്പോഴേക്കും ഇന്ത്യ സൈനിക ശക്തിയിൽ അമേരിക്ക, റഷ്യ, ചൈന, എന്നിവക്ക് പുറകിൽ നാലാം സ്ഥാനത്തേക്ക് എത്തിപ്പെട്ടു. അതുപോലെ സാമ്പത്തിക ശക്തി എന്ന നിലയിൽ അമേരിക്ക, ചൈന, റഷ്യ, ബ്രിട്ടൻ എന്നുവെക്കൊപ്പം അഞ്ചാം സ്ഥാനത്ത് എത്തി. ഏഷ്യയിലെ ഏറ്റവും വല്ല്യ റെയിൽവേ, വമ്പൻ വൈദ്യുതി നിലയങ്ങൾ, ആണവ നിലയങ്ങൾ, കൽക്കരി ഖനികൾ, ഓയിൽ കമ്പനികൾ, ഫാക്ടറികൾ, സൂപ്പർ കമ്പ്യൂട്ടറുകൾ, റോക്കറ്റുകൾ, മിസൈലുകൾ, സ്വന്തമായി സാറ്റ്‌ലെയിറ്റുകൾ, നാടെങ്ങും വിദ്യാലയങ്ങൾ, വിമാന വാഹിനി കപ്പലുകൾ, സർവകാല ശാലകൾ, ആശുപത്രികൾ, എയർ പോർട്ടുകൾ, തുറമുഖങ്ങൾ. ദേശീയ പാതകൾ, അങ്ങിനെ ഒരു നാടിനു വേണ്ട എല്ലാം.
ഇതിനൊക്കെ പുറമേ പ്‌ളേഗ്, വസൂരി, കുഷ്ട്ടം, ക്ഷയം തുടങ്ങിയ ഭീകര പകർച്ചവ്യാധികളെ നേരിട്ടു. അതിൽ വിജയിച്ചു. ബഹിരാകാശത്ത് നമ്മുടെ യജമാനൻമാരായിരുന്ന ബ്രീട്ടീഷ്‌കാരെ പോലും അസൂയപ്പെടുത്തും വിധം ഇന്ത്യ ചൊവ്വയിൽ വരെ എത്തി. ഡാമുകളും ഫാക്ടറികളുമാണ് ഇന്ത്യയുടെ ക്ഷേത്രങ്ങൾ എന്നു പറഞ്ഞു പഠിപ്പിച്ച നെഹ്രുവിന്റെ ദീർഘദർശിത്വം ആയിരുന്നു ഇതിന്റെയെല്ലാം ചാലക ശക്തി. വിക്രം സാരാഭായിയുടെയും ഹോമി ജെ ഭാഭയുടെയും എസ് സ്വാമിനാഥന്റെയും ഒക്കെ വാക്കുകൾക്കായിരുന്നു നെഹ്രു ചെവി കൊടുത്തത്. അല്ലാതെ മത - പുരോഹിത മേലാളൻമാർക്കല്ല . പാക്കിസ്ഥാനാകട്ടെ മത തീവ്രവാദത്തിന്റെയും തെറ്റായ വിദ്യാഭ്യാസ നയങ്ങളുടെയും പരിണിത ഫലമായി തകർന്ന് തരിപ്പണമായ ഒരു Failed State ആയി മാറി. വിദ്യാർത്ഥികളുടെ സിലബസിൽ വെള്ളം ചേർത്ത് ശാസ്ത്രത്തിന് പകരം മതം കുത്തിനിറച്ചതിലൂടെ തലമുറകളെയാണ് പാക് ഭരണാധികാരികൾ നശിപ്പിച്ചത്. നമ്മുടെ രാജ്യത്തെ സിലബസിലും പുരാണവും ഐതീഹ്യങ്ങളും ശാസ്ത്രത്തിന് പകരം കുത്തിനിറയ്ക്കാൻ ശ്രമിക്കുന്ന / വാദിക്കുന്ന 'പണ്ഡിത ' കേസരികൾ ഒക്കെ ചെയ്യുന്നത് ഈ രാജ്യത്തെ പാകിസ്ഥാന്റെ അവസ്ഥയിലെത്തിക്കുന്നതിന് വഴി മരുന്നിടലാണ്.
പാകിസ്താനുമായി തുലനം ചെയ്യുമ്പോൾ ഇന്ത്യ മതത്തിനു പിറകെ പോയിരുന്നെങ്കിൽ. പാമ്പിൻ വിഷം വായിലൂടെ ആമാശയത്തിൽ എത്തിയാൽ ദൈവം പോലും മരിക്കുമെന്നും, പുഷ്പക വിമാനം ഉണ്ടായിരുന്നു എന്നും ഒക്കെ പഠിച്ചു വളരുന്ന തലമുറ ജ്യോതിഷം വഴി ചന്ദ്രനെയും ചൊവ്വയേയും നിയന്ത്രിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്ന അവസ്ഥയിൽ എത്തുമായിരുന്നു. കൂടോത്രം ഒരു പാഠ്യവിഷയം ആയേനെ. സമ്പുഷ്ട യുറേനിയത്തിന് പകരം ചാണകത്തിൽ നിന്നും ന്യൂക്ലീർ ഫ്യൂഷൻ ഉണ്ടാക്കാൻ ശ്രമിക്കുന്ന തലമുറ ഇവിടെ ഉണ്ടായേനെ. പാരമ്പര്യ ആചാരങ്ങൾക്ക് പിറകേ പോകാൻ നമ്മുടെ പഴയ നേതാക്കൾ തുനിയാത്തതുകൊണ്ടാണ് ഇന്ന് ഇന്ത്യ ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നത് എന്നതാണ് സത്യം.
ഇന്ന് നമ്മൾ നേടിയതിനെ മറന്ന് ശാസ്ത്രം തരുന്നത് എല്ലാം മതത്തിൽ, പുരാണങ്ങളിൽ നിന്നും ഉണ്ടായതാണ് എന്ന ഇസ്ലാമിസ്റ്റുകൾക്ക് തുല്യമായ രീതിയിൽ ഇന്ത്യയിലെ പുതു തലമുറയെ പഠിപ്പിക്കാൻ ഒരുങ്ങുന്നു. പുരാണങ്ങളും മിത്തുകളും പാഠഭാഗമാകുമ്പോൾ പാകിസ്ഥാന്റ അനുഭവം നമ്മൾ ഓർക്കണം. എന്തു ചെയ്യരുത് എന്ന് നമ്മെ പഠിപ്പിക്കുന്ന പാഠം. 'പാകിസ്ഥാനിൽ നിന്നും ഇസ്ലാമിസ്ഥാനിൽ' എത്തിയത് പോലെ 'ഇന്ത്യയിൽ നിന്നും ഹിന്ദുസ്ഥാനിലേക്കുള്ള' ദൂരം കുറഞ്ഞു വരുന്നു. മത മേൽക്കോയ്മയിൽ അധിഷ്ഠിതമായ ഭരണം ലോകത്തിനും അവിടുത്തെ ജനതയ്ക്കും നാശമേ വരുത്തിയിട്ടുള്ളു.