3 ഇഡിയറ്റ്സ് സോനം വാങ്ചുക്കിന്‍റെ കഥയല്ലെന്ന് ആമിർ ഖാൻ
3 ഇഡിയറ്റ്സ് എന്ന സിനിമയില്‍ താന്‍ അവതരിപ്പിച്ച ഫുന്‍സുഖ് വാങ്ക്ഡു എന്ന കഥാപാത്രം ആക്റ്റിവിസ്റ്റ് സോഹം വാങ്ചുക്കിന്‍റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന ദീര്‍ഘനാളായുള്ള പ്രേക്ഷകധാരണ തിരുത്തി ആമിര്‍ ഖാന്‍. തനിക്കോ ചിത്രത്തിന്‍റെ രചയിതാക്കള്‍ക്കോ 3 ഇഡിയറ്റ്സ് എടുക്കുന്ന സമയത്ത് സോനം വാങ്ചുക്കിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. ലണ്ടന്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലെ ചോദ്യോത്തര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമയം രണ്ട് ആഴ്ച പിന്നിട്ടിരിക്കുകയാണ്. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലായിരുന്നു 3 ഇഡിയറ്റ്സ് സംബന്ധിച്ച ചോദ്യം ആമിര്‍ ഖാനെ തേടിയെത്തിയത്.
“സോനം വാങ്ചുക്കിന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് 3 ഇഡിയറ്റ്സ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഒരു തെറ്റിദ്ധാരണ പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ട്. അത് ശരിയല്ല. സിനിമ എഴുതുന്ന സമയത്ത് അദ്ദേഹത്തെക്കുറിച്ച് ഞങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ല, എനിക്ക് വ്യക്തിപരമായും അദ്ദേഹത്തെ അറിയുമായിരുന്നില്ല”, ആമിര്‍ ഖാന്‍റെ വാക്കുകള്‍. അതേസമയം സോനം വാങ്ചുക്ക് നടത്തുന്ന പ്രതീഷേധത്തെക്കുറിച്ചും ആമിര്‍ ഖാന്‍ പറഞ്ഞു. “സോനം വാങ്ചുക്ക് ചെയ്യുന്ന കാര്യങ്ങളൊക്കെ ശരിയായ ദിശയില്‍ ഉള്ളതാണ്. അദ്ദേഹം ഇപ്പോള്‍ നിരാഹാര സമരത്തിലാണ് ഉള്ളത്. അത് അദ്ദേഹം അവസാനിപ്പിക്കണമെന്ന് ഒരുപാട് പേര്‍ കരുതുന്നുണ്ട്. അദ്ദേഹത്തിന്‍റെ ആരോഗ്യം ക്ഷയിക്കുന്നത് കാരണമാണ് അത്”, ആമിര്‍ ഖാന്‍ പറഞ്ഞു.