'തേന്മാവിൻ കൊമ്പത്ത്' 4K റീമാസ്റ്റർഡ് പതിപ്പ് ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്
മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് കോമഡി ചിത്രമായ 'തേന്മാവിൻ കൊമ്പത്ത്' 32 വർഷങ്ങൾക്ക് ശേഷം സാങ്കേതിക മികവോടെ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്. ചിത്രത്തിന്റെ 4K റീമാസ്റ്റർഡ് പതിപ്പ് ഒക്ടോബർ 1-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമകൾ ഡിജിറ്റലൈസ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന 'മാറ്റിനി നൗ' ആണ് ചിത്രം തിയേറ്ററുകളിൽ വീണ്ടുമെത്തിക്കുന്നത്.
പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ മോഹൻലാൽ, ശോഭന, നെടുമുടി വേണു, ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ തുടങ്ങി വലിയൊരു താരനിര തന്നെയാണ് അണിനിരന്നത്. എൻ. ഗോപാലകൃഷ്ണൻ നിർമ്മിച്ച ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലെ പ്രണയവും നർമ്മവും പശ്ചാത്തലമാക്കിയാണ് ഒരുക്കിയത്. പ്രസാദ് ലാബിൽ ചിത്രത്തിന്റെ ഒറിജിനൽ 35mm പ്രിന്റിൽ നിന്ന് നേരിട്ട് 8K സാങ്കേതികവിദ്യയിലേക്ക് സ്കാൻ ചെയ്താണ് 4K പതിപ്പ് തയ്യാറാക്കിയത്.
ചിത്രത്തിന്റെ ശബ്ദത്തിന് പുതിയ ജീവൻ നൽകി ഡോൾബി അറ്റ്‌മോസിലേക്ക് (Dolby Atmos) മാറ്റിയിട്ടുണ്ട്. കാലാതീതമായ ഗാനങ്ങളും ജനപ്രിയ സംഭാഷണങ്ങളുമുള്ള ഈ ചിത്രം പുതിയ തലമുറയ്ക്ക് ബിഗ് സ്‌ക്രീനിൽ മികച്ച ദൃശ്യ-ശ്രവ്യ അനുഭവത്തോടെ ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.