98-ാമത് ഓസ്‌കർ: ആറ് പുരസ്‌കാരങ്ങളുമായി 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' മുന്നേറ്റം; ചരിത്രം കുറിച്ച് ഓട്ടം ഡ്യൂറൾഡ്

 

98-ാമത് ഓസ്‌കാർ പുരസ്‌കാര വേദിയിൽ പോൾ തോമസ് ആൻഡേഴ്സൺ ചിത്രം 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' (One Battle After Another) അപ്രമാദിത്വം ഉറപ്പിച്ചു. മികച്ച ചിത്രം, മികച്ച സംവിധായകൻ ഉൾപ്പെടെ ആറ് പ്രധാന പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച എഡിറ്റിങ്, സഹനടൻ, അവലംബിത തിരക്കഥ, കാസ്റ്റിങ് എന്നീ വിഭാഗങ്ങളിലും ഈ ചിത്രം നേട്ടം കൊയ്തു.

'സിന്നേഴ്‌സി'ലെ (Sinners) ഉജ്ജ്വല പ്രകടനത്തിന് മൈക്കിൾ ബി ജോർദൻ മികച്ച നടനുള്ള പുരസ്‌കാരം നേടി. "ഗോഡ് ഈസ് ഗുഡ്" എന്നായിരുന്നു പുരസ്‌കാരം ഏറ്റുവാങ്ങി അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. 'ഹാംനെറ്റി'ലെ (Hamnet) വേഷത്തിലൂടെ ജെസി ബക്ലി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. തന്റെ പുരസ്‌കാരം ലോകത്തെ അമ്മമാരുടെ പ്രക്ഷുബ്ധമായ മനസ്സുകൾക്ക് സമർപ്പിക്കുന്നുവെന്ന് ജെസി ബക്ലി വൈകാരികമായി പ്രതികരിച്ചു.

മറ്റ് പ്രധാന പുരസ്‌കാരങ്ങൾ:

  • ചരിത്ര നേട്ടം: 'സിന്നേഴ്‌സി'ലൂടെ മികച്ച ഛായാഗ്രഹണത്തിന് ഓസ്‌കാർ നേടിയ ഓട്ടം ഡ്യൂറൾഡ് അർക്കപോ ചരിത്രം കുറിച്ചു. ഈ വിഭാഗത്തിൽ പുരസ്‌കാരം നേടുന്ന ആദ്യ വനിതയാണ് അവർ.

  • സഹനടൻ/സഹനടി: ഷോൺ പെൻ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ - മികച്ച സഹനടൻ), ആമി മാഡിഗൻ (വെപ്പൺസ് - മികച്ച സഹനടി).

  • ആനിമേഷൻ: കെപോപ്പ് ഡെമോൺ ഹണ്ടേഴ്സ് (മികച്ച ആനിമേറ്റഡ് ഫീച്ചർ), ദി ഗേൾ ഹു ക്രൈഡ് പേൾസ് (മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം).

  • സാങ്കേതിക മികവ്: അവതാർ: ഫയർ ആൻഡ് ആഷ് (വിഷ്വൽ ഇഫക്ട്സ്), ഫ്രാങ്കൻസ്റ്റൈൻ (മേക്കപ്പ് & ഹെയർസ്റ്റൈലിങ്, വസ്ത്രാലങ്കാരം).

റയാൻ കൂഗ്ലർ (സിന്നേഴ്സ്) മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയപ്പോൾ, കാസ്റ്റിംഗ് ഡയറക്ടറായി കസാൻഡ്ര കുലുക്കുൻഡിസ് തിരഞ്ഞെടുക്കപ്പെട്ടു. 'ദി സിംഗേഴ്സ്', 'ടു പീപ്പിൾ എക്സ്ചേഞ്ചിംഗ് സലൈവ' എന്നീ ചിത്രങ്ങൾ മികച്ച ലൈവ് ആക്ഷൻ ഷോർട്ട് വിഭാഗത്തിൽ പുരസ്‌കാരം പങ്കിട്ടു.