30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കശ്മീരില്‍ സിനിമ തീയറ്ററുകള്‍ തുറന്നു

 

30 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കശ്മീരില്‍ സിനിമ തീയറ്ററുകള്‍ തുറന്നു. പുല്‍വാമയിലും ഷോപ്പിയാനിലുമുള്ള രണ്ടു തീയറ്ററുകള്‍ കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തു. ജമ്മുകശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് തീയറ്ററുകള്‍ തുറന്നുകൊടുത്തത്.1980കളില്‍ ശ്രീനഗര്‍ നഗരത്തില്‍ കുറഞ്ഞത് എട്ട് തിയറ്ററുകള്‍ ഉണ്ടായിരുന്നു. പിന്നീട് അവയെല്ലാം സുരക്ഷാ സേനകളുടെ ക്യാമ്പുകളാക്കി മാറ്റുകയായിരുന്നു. 2021-ല്‍ ജമ്മു കശ്മീര്‍ ഭരണകൂടം സിനിമകളുടെ ചിത്രീകരണത്തിന് പ്രോത്സാഹനം നല്‍കിയെങ്കിലും തീയറ്ററുകളുടെ അഭാവം മൂലം വാണിജ്യ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

' ജമ്മു കശ്മീരിന് ഇതൊരു ചരിത്ര പ്രാധാന്യമുള്ള ദിവസമാണ്. പുല്‍വാമയിലും ഷോപ്പിയാനിലും മള്‍ട്ടി പര്‍പ്പസ് സിനിമ ഹാളുകള്‍ തുറന്നു. സിനിമ പ്രദര്‍ശനം, നൈപുണ്യ വികസന പരിപാടികള്‍, യുവജനങ്ങളുടെ വിനോദ  വിജ്ഞാന പരിപാടികള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു', ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

ആമിര്‍ ഖാന്റെ 'ലാല്‍ സിംഗ് ഛദ്ദ'യാണ് തീയറ്ററുകളില്‍ ആദ്യം പ്രദര്‍ശിച്ചത്. ഈ സിനിമയുടെ കുറച്ച് ഭാഗങ്ങള്‍ കശ്മീരിലാണ് ചിത്രീകരിച്ചിട്ടുള്ളത്. തീയറ്ററിന് പുറത്ത് പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. നിലവില്‍ ടിക്കറ്റുകള്‍ കൗണ്ടറില്‍ നിന്നാണ് നല്‍കുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് സേവനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് തിയേറ്റര്‍ ഉടമകള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.