നിഗൂഢതയും ദുരൂഹതയും നിറഞ്ഞ പുതിയ സിനിമാറ്റിക് ലോകം; ജയസൂര്യ നായകനാകുന്ന 'മായൻ ചാപ്റ്റർ വൺ' ട്രെയ്‌ലർ പുറത്ത്

 

മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദ് നിർമ്മിച്ച്, ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന 'മായൻ: ചാപ്റ്റർ വൺ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ദുരൂഹതയും നിഗൂഢതയും നിറഞ്ഞ പുതിയൊരു സിനിമാറ്റിക് ലോകം തുറക്കാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ; ട്രെയ്‌ലർ പുറത്തുവന്നതോടെ ചിത്രത്തിന്റെ പ്രമേയത്തെയും കഥാപാത്രങ്ങളുടെ പിന്നാമ്പുറത്തെയും കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. പതിവ് മാസ് ആക്ഷൻ സിനിമകളുടെ പാതയിലല്ലാതെ, പ്രേക്ഷകരുടെ മനസ്സിൽ ഭയവും ആകാംക്ഷയും സംശയവും ഒരേസമയം നിറയ്ക്കുന്ന അവതരണശൈലിയാണ് ട്രെയ്‌ലർ മുന്നോട്ടുവെക്കുന്നത്. ഡിസംബർ മൂന്നിന് ചിത്രം ആഗോള റിലീസിന് എത്തുകയാണ്.

ട്രെയ്‌ലറിന്റെ ആദ്യ നിമിഷങ്ങൾ തന്നെ സിനിമയുടെ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. ഇരുണ്ട പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെടുന്ന ദൃശ്യങ്ങളും പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന വാചകങ്ങളും, പിന്നാലെയെത്തുന്ന പ്രായമായ സ്ത്രീയുടെ സാന്നിധ്യവും കഥയ്ക്ക് പിന്നിൽ സാധാരണ സംഭവങ്ങൾക്കപ്പുറമുള്ള എന്തോ ഒന്ന് ഒളിഞ്ഞിരിക്കുന്നുവെന്ന സൂചന നൽകുന്നു. തുടർന്നുള്ള രംഗങ്ങളിൽ പുരാതനമായ ആചാരങ്ങളെയും നിഗൂഢമായ ചടങ്ങുകളെയും ഓർമ്മിപ്പിക്കുന്ന അന്തരീക്ഷമാണ് കാണാനാകുന്നത്.

<a style="border: 0px; overflow: hidden" href=https://youtube.com/embed/Y488C2KfdmQ?autoplay=1&mute=1><img src=https://img.youtube.com/vi/Y488C2KfdmQ/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" title="MAYAN Chapter 1 - Trailer | Jayasurya | Jithin K Jose | Rajeev Govindan | Nyla Usha | Mujeeb Majeed" width="1004">

ട്രെയ്‌ലർ മുന്നോട്ടുവെക്കുന്ന ഏറ്റവും വലിയ ചോദ്യം 'കറുത്തച്ചൻ' ആരാണെന്നതാണ്; ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണെന്ന കാര്യത്തിലും അണിയറപ്രവർത്തകർ സസ്‌പെൻസ് നിലനിർത്തുന്നുണ്ട്. എന്നാൽ കഥാപാത്രത്തെക്കുറിച്ച് നേരത്തെ പുറത്തുവന്ന ടീസർ നൽകിയ സൂചനകളും ഇപ്പോഴത്തെ ട്രെയ്‌ലറിലെ ദൃശ്യങ്ങളും ചേർത്തുവായിക്കുമ്പോൾ സിനിമയുടെ പ്രമേയം കൂടുതൽ കൗതുകകരമാകുന്നുണ്ട്. ജയസൂര്യ അവതരിപ്പിക്കുന്ന ജേസൺ വർഗ്ഗീസ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണ യാത്രയായിട്ടാണ് ചിത്രത്തിന്റെ സഞ്ചാരം എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ട്രെയ്‌ലറിൽ കാണുന്ന ശ്മശാനവും കാടിനുള്ളിലെ രംഗങ്ങളും പഴയ വീടുകളും അന്വേഷണത്തിന്റെ വ്യാപ്തിയെക്കുറിച്ച് സംശയങ്ങൾ ഉയർത്തുന്നു; ചില കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളും അവർക്കിടയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളും കഥയിൽ നിർണ്ണായകമാകുമെന്ന് തോന്നിപ്പിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ജേസൺ വർഗ്ഗീസ് എങ്ങനെയാണ് കുടുംബങ്ങളിലെ പ്രധാന കഥാപാത്രങ്ങളുടെ ജീവിതത്തിലേക്ക് എത്തുന്നതെന്നും, കറുത്തച്ചനുമായി ബന്ധപ്പെട്ട രഹസ്യങ്ങൾക്ക് അതിലുള്ള പങ്കെന്താണെന്നും, ജയസൂര്യയുടെ കഥാപാത്രം ദുരൂഹതകളുടെ എത്രത്തോളം ആഴത്തിലേക്കാണ് കടക്കുന്നതെന്നതുമാണ് ചിത്രത്തിന്റെ പ്രധാന ആകാംക്ഷ.

ഫൈസൽ അലിയുടെ ഛായാഗ്രഹണം സിനിമയുടെ അന്തരീക്ഷത്തിന് വലിയ കരുത്താണ് നൽകുന്നത്; വിദേശ നഗരങ്ങളുടെ ആധുനിക കാഴ്ചകളും പഴയ വീടുകളുടെ ഇരുണ്ട അന്തരീക്ഷവും കാടിനുള്ളിലെ ദൃശ്യങ്ങളും തമ്മിലുള്ള വ്യത്യാസം വ്യക്തമാണ്. മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതം ദുരൂഹതയ്ക്ക് കൂടുതൽ തീവ്രത നൽകുമ്പോൾ, പ്രവീൺ പ്രഭാകറിന്റെ എഡിറ്റിംഗും ദൃശ്യങ്ങളുടെ വേഗതയും ട്രെയ്‌ലറിനെ മികച്ച സിനിമാറ്റിക് അനുഭവമാക്കുന്നു. ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ്; രാജീവ് ഗോവിന്ദനാണ് നിർമ്മാണം. ജയസൂര്യയ്‌ക്കൊപ്പം നൈല ഉഷ, വിജയ് ബാബു, ജിബിൻ ഗോപിനാഥ്, ഐശ്വര്യ രാജ്, ആർഷ ബൈജു, കെ.പി.എ.സി. ലീല, ജെയിംസ് ഏലിയ, ജയരാജ് വാര്യർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

ദീപക് പരമേശ്വരൻ പ്രൊഡക്ഷൻ കൺട്രോളറായും സുനിൽ ദാസ് പ്രൊഡക്ഷൻ ഡിസൈനറായും പ്രവർത്തിക്കുന്ന ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ രോഹിത് ആർ. നായരാണ്. സമീറ സനീഷ് കോസ്റ്റ്യൂമും അമൽ ചന്ദ്രൻ മേക്കപ്പും നിർവ്വഹിക്കുന്നു. ബോസ് വി ചീഫ് അസോസിയേറ്റ് ഡയറക്ടറായും, രാജീവ് ഗോവിന്ദനും ജിതിൻ കെ. ജോസും ഗാനരചയിതാക്കളായും, ശ്രീഖിൽ ശ്രീനിവാസൻ കോ-റൈറ്ററായും, സിനറ്റ് സേവ്യർ സ്റ്റിൽസും, ആന്റണി സ്റ്റീഫൻ പ്രൊജക്ട് ഡിസൈനറായും പ്രവർത്തിക്കുന്നു. വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, വിപിൻ കുമാർ വി. എന്നിവരാണ് പി.ആർ.ഒമാർ.