‘ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന പാവ’; ശ്വേതാ മേനോനെ പരിഹസിച്ച് ഭാഗ്യലക്ഷ്മി

 

താരസംഘടനയായ ‘അമ്മ’യിലെ പുതിയ വിവാദങ്ങളുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ശ്വേതാ മേനോനെതിരെ കടുത്ത പരിഹാസവുമായി നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത്. സംഘടനയ്ക്കുള്ളിൽ ‘പവർ ഗ്രൂപ്പ്’ ഉണ്ടെന്ന ശ്വേതാ മേനോന്റെ വെളിപ്പെടുത്തലിനെയാണ് ഭാഗ്യലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായി വിമർശിച്ചത്. ഇങ്ങനെയൊരു ഗ്രൂപ്പുണ്ടായിരുന്ന കാര്യം തങ്ങൾക്കാർക്കും അറിയില്ലായിരുന്നുവെന്ന് വ്യക്തമാക്കിയ ഭാഗ്യലക്ഷ്മി, സംഘടന നടത്തിക്കൊണ്ടുപോകാൻ അറിയില്ലെങ്കിൽ അത് സ്വയം സമ്മതിക്കുകയാണ് വേണ്ടതെന്നും കുറിച്ചു. മറ്റാരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ഒരു പാവയായി ശ്വേതാ മേനോൻ മാറിയെന്നും ഭാഗ്യലക്ഷ്മി പരിഹസിച്ചു.

"അയ്യോ ഞങ്ങൾക്ക് അറിയില്ലായിരുന്നു. പക്ഷെ അന്ന് ആ പെൺകുട്ടിയുടെ വിഷയം വന്നപ്പോ നിങ്ങൾ എവിടെയായിരുന്നു? ഒരിക്കൽ പോലും അവളെ ഒന്ന് കാണുകയോ വിളിക്കുകയോ ചെയ്തോ? എന്നിട്ട് നിങ്ങൾ പറയുന്നു അവിടെ സ്ത്രീകൾക്ക് voice ഇല്ലെന്ന് നിങ്ങൾ പോലും സ്ത്രീകളോടൊപ്പമല്ല.. ഏതാണ് ഈ പവർ ഗ്രൂപ്പ്‌?. നിങ്ങൾക്ക് സംഘടന നടത്തിക്കൊണ്ട് പോകാൻ അറിയില്ലെന്ന് പറയു.. ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ഒരു പാവ.." ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ.

ശ്വേതാ മേനോന്റെ പുതിയ കുറിപ്പ്

ഞായറാഴ്ചയാണ് താരസംഘടനയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് ശ്വേതാ മേനോന്റെ പുതിയ സോഷ്യൽ മീഡിയാ പോസ്റ്റ് വന്നത്. അമ്മയിൽ പവർ ഗ്രൂപ്പുണ്ടെന്നാണ് നീണ്ട കുറിപ്പിൽ അവർ പറ‍ഞ്ഞത്. ഒരു സാധാരണ സ്ത്രീക്ക് മലയാള സിനിമയിലെ ആ പവർ ഗ്രൂപ്പിനെ ഒരിക്കലും ഒറ്റയ്ക്ക് നേരിടാൻ ആവില്ല. ഇക്കാര്യം താൻ AMMA പ്രസിഡന്റായി മത്സരിച്ച അന്നുമുതൽ ഇന്നുവരെ നേരിട്ട ആക്രമണങ്ങളുടെ ലിസ്റ്റ് നോക്കിയാൽ മനസ്സിലാകും. ഇവർ കാരണമാണ് മോഹൻലാലും രാജിവെച്ച് പോയത്. ജനറൽ ബോഡിയിൽ തന്നെ കയ്യേറ്റംചെയ്യാനുള്ള ശ്രമം നടന്നു. ആ സാഹചര്യത്തിലാണ് അമ്മയിൽ നിന്ന് പിന്മാറുന്നതിനെപ്പറ്റി ചിന്തിച്ചത്. തന്റെ പോരാട്ടം ഏതെങ്കിലും സ്ഥാനങ്ങൾക്കോ വ്യക്തിപരമായ നേട്ടത്തിനോ ആയിരുന്നില്ലെന്നും അവർ പറഞ്ഞു.

"ഞാൻ നടത്തിയ പോരാട്ടത്തിന്റെ ഒരു ഘട്ടത്തിലും എന്റെ പോരാട്ടം ഏതെങ്കിലും സ്ഥാനങ്ങൾക്കോ വ്യക്തിപരമായ നേട്ടത്തിനോ ആയിരുന്നില്ല. AMMAയിൽ സാമ്പത്തിക തിരിമറി നടത്തിയവർക്കെതിരെയും ചില കുറ്റാരോപിതർക്കെതിരെയുമാണ് എന്റെ പോരാട്ടം. നുണക്കഥകൾ പ്രചരിപ്പിച്ചും അപകീർത്തിപ്പെടുത്തിയും എന്നെ നിശ്ശബ്ദയാക്കാമെന്നാണ് അവർ കരുതുന്നത്."

തന്നെക്കുറിച്ച് എത്ര നുണകൾ പ്രചരിപ്പിച്ചാലും, എത്ര അപമാനിച്ചാലും, ഈ പോരാട്ടത്തിൽ നിന്ന് ഒരിക്കലും പിന്നോട്ടില്ല. കാരണം, ഇത് AMMAയുടെയും അതിലെ സാധാരണ അംഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടമാണ്. ഈ പോരാട്ടത്തിൽ തോറ്റുപോയാലും സാരമില്ല. കാരണം, ഈ പോരാട്ടത്തിലൂടെ ആ പവർ ഗ്രൂപ്പിനെ അമ്മയുടെ അംഗങ്ങൾക്കുമുന്നിൽ തുറന്നുകാട്ടാൻ കഴിഞ്ഞു. അതുതന്നെയാണ് തന്റെ ഏറ്റവും വലിയ വിജയമെന്നും ശ്വേതാ മേനോൻ കൂട്ടിച്ചേർത്തു.