ലണ്ടൻ ചലച്ചിത്രമേളയിൽ മുഖ്യാതിഥിയായി ആമിർ ഖാൻ; ഷാരൂഖ് ഖാന്റെ അപൂർവ്വ ചിത്രവും പ്രദർശിപ്പിക്കും
യൂറോപ്പിലെ ഏറ്റവും വലിയ ദക്ഷിണേഷ്യൻ ചലച്ചിത്രമേളയായ 'ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന്റെ' (LIFF) 17-ാമത് എഡിഷനിൽ ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ മുഖ്യാതിഥിയായെത്തുന്നു. ജൂലൈ 9 മുതൽ 19 വരെ ബ്രിട്ടനിലെ അഞ്ച് പ്രധാന നഗരങ്ങളിലായി നടക്കുന്ന മേളയുടെ സമാപന സമ്മേളനത്തിലാണ് ആമിർ ഖാൻ സിനിമാപ്രേമികളുമായി സംവദിക്കുക. ഓസ്കർ നാമനിർദേശം ലഭിച്ച ആമിർ ഖാന്റെ ക്ലാസിക് ചിത്രം ‘ലഗാൻ’ റിലീസ് ചെയ്തതിന്റെ 25-ാം വാർഷിക ആഘോഷങ്ങളും ഇതിന്റെ ഭാഗമായി ലണ്ടനിൽ നടക്കും.
അദിൽ ഹുസൈൻ, നേഹ ധൂപിയ എന്നിവർ അഭിനയിച്ച '52 ബ്ലൂ' എന്ന ചിത്രത്തിന്റെ പ്രീമിയറോടെയാണ് ജൂലൈ 9-ന് മേള ആരംഭിക്കുന്നത്. മേളയിലെ മറ്റൊരു പ്രധാന ആകർഷണം 1989-ൽ പുറത്തിറങ്ങിയ 'ഇൻ വിച്ച് ആനി ഗിവ്സ് ഇറ്റ് ദോസ് വൺസ്' എന്ന ചിത്രത്തിന്റെ യുകെ പ്രീമിയറാണ്. ബുക്കർ പ്രൈസ് ജേതാവ് അരുന്ധതി റോയ് തിരക്കഥയെഴുതിയ ഈ ചിത്രത്തിൽ ഷാരൂഖ് ഖാൻ ചെറിയൊരു വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ദൂരദർശന് വേണ്ടി നിർമിച്ച്, മുൻപ് ഒരിക്കൽ മാത്രം സംപ്രേക്ഷണം ചെയ്ത ഈ ചിത്രം ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് പുനരുദ്ധരിച്ചത്.
ഇന്ത്യൻ സിനിമാചരിത്രത്തിൽ ആദ്യമായി, കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് നിർമിച്ച സിനിമകളുടെ പ്രത്യേക പ്രദർശനവും ജൂലൈ 11-ന് മേളയിൽ നടക്കും. പ്രശസ്ത സംവിധായകൻ ശേഖർ കപൂറിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് ഈ ചിത്രങ്ങൾ തിരഞ്ഞെടുത്തത്. ഇവയ്ക്ക് പുറമെ വിവിധ അന്താരാഷ്ട്ര മേളകളിൽ ശ്രദ്ധനേടിയ ബംഗ്ലാദേശി ചിത്രങ്ങളും, 1990കളിലെ പ്രശസ്ത ബി.ബി.സി കോമഡി ഷോയായ 'ഗുഡ്നസ് ഗ്രേഷ്യസ് മീ' താരങ്ങളുടെ പുനസ്സമാഗമവും ലണ്ടൻ ചലച്ചിത്രമേളയുടെ പ്രധാന ആകർഷണങ്ങളായിരിക്കുമെന്ന് ഫെസ്റ്റിവൽ സി.ഇ.ഒ കാരി രാജീന്ദർ സാഹ്നി പറഞ്ഞു.