ആമിർ ഖാൻ ചിത്രം 'സിതാരെ സമീൻ പർ' ഒടിടിയിലേക്ക്

 

തന്റെ ചിത്രങ്ങളുടെ ഒടിടി റിലീസ് സംബന്ധിച്ച് ആമിർ ഖാൻ പുലർത്തിയിരുന്ന കർക്കശമായ നിലപാടുകളിൽ അപ്രതീക്ഷിത മാറ്റം. ആമിർ ഖാൻ നായകനായ ബിഗ് ബജറ്റ് ചിത്രം ‘സിതാരെ സമീൻ പർ’ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലൈവിൽ (Sony LIV) പ്രദർശനത്തിനെത്തുന്നു. ചിത്രം തിയേറ്റർ റിലീസ് ചെയ്ത് ആറുമാസത്തേക്ക് ഒടിടിയിൽ നൽകില്ലെന്നായിരുന്നു താരം നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഈ നിലപാട് തിരുത്തിക്കൊണ്ടാണ് ചിത്രം ഇപ്പോൾ ഡിജിറ്റൽ റിലീസിനായി ഒരുങ്ങുന്നത്.

2025 ജൂണിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം വലിയ വിജയം കൈവരിച്ചിരുന്നു. തിയേറ്റർ റിലീസിന് പിന്നാലെ യൂട്യൂബിൽ റെന്റൽ അടിസ്ഥാനത്തിൽ ലഭ്യമായ ചിത്രം, ഇനി മുതൽ സോണി ലൈവ് വരിക്കാർക്ക് കാണാൻ സാധിക്കും. സോണി ലൈവ് പ്ലാറ്റ്‌ഫോമിൽ പ്രീമിയർ ചെയ്യുന്ന ആദ്യത്തെ വലിയ ഹിന്ദി തിയേറ്റർ ചിത്രം എന്ന നേട്ടവും ഈ ചിത്രത്തിന് സ്വന്തമാണ്. ഒടിടി അവകാശം സോണി ലൈവ് സ്വന്തമാക്കിയ കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടതോടെ ആരാധകർ വലിയ ആവേശത്തിലാണ്.

ആറു മാസത്തെ കാത്തിരിപ്പ് ഒഴിവാക്കി നേരത്തെ തന്നെ ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത് ബോളിവുഡിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സിനിമകളുടെ തീയേറ്റർ റൺ വർദ്ധിപ്പിക്കുന്നതിനായി ആമിർ ഖാൻ സ്വീകരിച്ചിരുന്ന ‘ലോങ് വിൻഡോ’ പോളിസിയിൽ മാറ്റം വരുത്തിയത് ഭാവിയിൽ മറ്റ് ബിഗ് ബജറ്റ് ചിത്രങ്ങളുടെയും ഒടിടി കരാറുകളെ സ്വാധീനിച്ചേക്കാം. വൈകാതെ തന്നെ സിനിമയുടെ സ്ട്രീമിംഗ് തീയതി സോണി ലൈവ് പുറത്തുവിടുമെന്നാണ് കരുതപ്പെടുന്നത്.