ആഷിഖ് അബു ചിത്രത്തിന്റെ ടീം പണം നൽകാതെ മുങ്ങിയതായി പരാതി
ജോജു ജോർജും ലിജോമോൾ ജോസും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്ന ആഷിഖ് അബു-മനു ആന്റണി ചിത്രം അജസുന്ദരിയുടെ ചിത്രീകരണത്തിനിടെ കടകളിൽ നിന്ന് സാധനം വാങ്ങി പണം നൽകാതെ വൻബാധ്യത വരുത്തി സിനിമാസംഘം മുങ്ങിയതായി പരാതി. വിലങ്ങാട്ടെ നാല് കടകൾക്കാണ് ലക്ഷങ്ങളുടെ ബാധ്യതയുണ്ടാക്കി സിനിമാ സംഘം പോയത്.
കഴിഞ്ഞ ഒക്ടോബർ മുതലായിരുന്നു വിലങ്ങാട് സിനിമയുടെ ചിത്രീകരണം. മൂന്ന് മാസത്തോളം നീണ്ടുനിൽക്കുകയും ചെയ്തു. ഇതിനിടെയാണ് സെറ്റിലേക്കുള്ള സാധനങ്ങൾ കടകളിൽ നിന്ന് വാങ്ങിക്കൊണ്ടുപോയത്. ആദ്യമൊക്കെ പണം നൽകിയിരുന്നുവെങ്കിലും പിന്നീട് ബാധ്യതയാകുകയായിരുന്നുവെന്നും പലതവണ വിളിച്ചിട്ടും ഫോണെടുത്തില്ലെന്നും കടയുടമകൾ പറയുന്നു.
പറ്റിക്കപ്പെട്ടവരിൽ കാൻസർ രോഗിയും കിഡ്‌നി മാറ്റിവെച്ചവരുമായ പാവപ്പെട്ട കടക്കാരമുണ്ട്. ഇതിൽ പച്ചക്കറിക്കച്ചവടം നടത്തുന്ന പി.എസ് മനോജിന് മാത്രം 54000 രൂപയോളം കൊടുക്കാനുണ്ട്. ഇയാൾ കാൻസർ രോഗിയുമാണ്. മലബാർ കാൻസർ സെന്ററിൽ ചികിത്സ നടത്തുന്നതിനിടെയാണ് പച്ചക്കറി കച്ചവടവും.
മാത്രമല്ല കഴിഞ്ഞ ഉരുൾപൊട്ടലിൽ പൂർണമായും നശിച്ചുപോയതാണ് മനോജിന്റെ കട. ശേഷം വ്യാപാരി വ്യവസായി ഏകോപന സമിതയുടെ സഹായത്താലും കുടുംബശ്രീ ലോണെടുത്തുമെല്ലാമാണ് വീണ്ടും വിലങ്ങാട് ടൗണിൽ കട തുടങ്ങിയത്. ആയഞ്ചേരി സ്വദേശിയായ സാജിദ് എന്ന വ്യക്തി കരാർ അടിസ്ഥാനത്തിലാണ് സെറ്റിലേക്കുള്ള മെസ്സ് നടത്തിയത്. ഇയാളെ പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും മനോജ് പറയുന്നു. കഴിഞ്ഞ ദിവസം സാജിദിന്റെ വീട്ടിലേക്ക് കടക്കാർ അന്വേഷിച്ച് പോയെങ്കിലും സാജിദ് അവിടെ ഉണ്ടായിരുന്നില്ല.
കിഡ്‌നി മാറ്റിവെച്ച ശേഷം ബന്ധുക്കളുടെയൊക്കെ സഹായത്താൽ വിലങ്ങാട് അങ്ങാടിയിൽ ഇറച്ചിക്കട നടത്തുന്ന ബെന്നി ജോസഫിന് ഒരു ലക്ഷം രൂപയോളമാണ് നൽകാൻ ബാക്കിയുള്ളത്. നാടൻ കോഴി, ബീഫ്, പന്നിയിറച്ചി, മുട്ടകൾ എന്നിവയെല്ലാം വിൽപ്പന നടത്തുന്ന വ്യക്തിയാണ് ബെന്നി ജോസഫ്.
ഷൂട്ട് മൂന്ന് മാസത്തോളം ഉണ്ടാവുമെന്ന ഉറപ്പിലായിരുന്നു ഇറച്ചിസാധനങ്ങളെല്ലാം സെറ്റിലേക്ക് വിശ്വാസത്തിന്റെ പുറത്ത് കൊടുത്തയച്ചിരുന്നത്. ആദ്യമൊക്കെ പണം നൽകിയെങ്കിലും പിന്നീട് അതും മുടങ്ങി. ഷൂട്ട് കഴിഞ്ഞ് പോവുന്നതിന് മുന്നെ പണം നൽകാമെന്നായിരുന്നു വാക്ക്. ഷൂട്ട് കഴിയുന്ന സമയത്ത് 1.30 ലക്ഷം കൊടുക്കാനുണ്ടായിരുന്നു. ഇതിൽ 30,000 രൂപയോളം അന്ന് ഗൂഗിൾ പേ ചെയ്തു. ബാക്കി രണ്ട് ദിവസത്തിനുള്ളിൽ അയച്ചുതരാമെന്നും വാക്ക് നൽകി. എന്നാൽ ഷൂട്ട് കഴിഞ്ഞ് പോയി മൂന്ന് മാസം കഴഞ്ഞിട്ടും പണം നൽകിയില്ലെന്നും ബെന്നി പറയുന്നു.
കോഴിക്കോടിന്റെ മലയോര ഗ്രാമപ്രദേശമായ വിലങ്ങാട് ആദ്യമായെത്തിയ സിനിമാ ചിത്രീകരണത്തിന് വലിയ സഹകരണമാണ് നാട്ടുകാർ നൽകിയിരുന്നത്. പെട്ടെന്നുതന്നെ സിനിമാ സംഘം നാട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റുകയും ചെയ്തു. ഈ വിശ്വാസത്തിന്റെ പുറത്തായിരുന്നു സാധനങ്ങൾ കടം നൽകിയത്. പക്ഷെ അത് അവർക്കുതന്നെ തരിച്ചടിയാവുകയും ചെയ്തു.
വിലങ്ങാട് മിൽമ ബൂത്തും മറ്റുമൊക്കെയായി മുന്നോട്ട് പോവുന്ന അപ്പച്ചന് 46,000 രൂപയോളമാണ് കൊടുക്കാനുള്ളത്. പാലിന് പുറമെ പാചകവാതകത്തോടുകൂടിയുള്ള നാല് വാണിജ്യസിലിണ്ടറും ഇവിടെ നിന്ന് സിനിമാസംഘം കൊണ്ടുപോയിരുന്നു. ഇതടക്കമാണ് അപ്പച്ചന് നഷ്ടമായത്.
മലഞ്ചരക്ക് കട നടത്തുന്ന തോമസിന് 18000 രൂപയോളമാണ് നൽകാനുള്ളത്. ഇദ്ദേഹത്തിന്റെയടുത്ത് നിന്നും തേങ്ങയാണ് കൊണ്ടുപോയത്. ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നതോടെ സിനിമയുടെ നിർമാതാവ് കൂടിയായ ആഷിഖ് അബു ബന്ധപ്പെട്ടിരുന്നുവെന്ന് കടക്കാർ പറയുന്നു. രണ്ട് ദിവത്തിനുള്ളിൽ ബാധ്യത തീർക്കാമെന്നാണ് ഏറ്റിരിക്കുന്നത്. അല്ലാത്തപക്ഷം കേസുമായി മുന്നോട്ട് പോവുമെന്നും കടക്കാർ പറയുന്നുണ്ട്.