യൂറോപ്പിലെ കാറോട്ട മത്സരത്തിനിടെ അപകടം; നടൻ അജിത്ത് അദ്ഭുതകരമായി രക്ഷപ്പെട്ടു

 

യൂറോപ്പിൽ നടന്ന അതിവേഗ കാറോട്ട മത്സരത്തിനിടെ തമിഴ് സൂപ്പർതാരം അജിത് കുമാർ അപകടത്തിൽപ്പെട്ടു. ഏഷ്യൻ ലെ മാൻസ് സീരീസ്, മിഷേലിൻ ലെ മാൻസ് കപ്പ് എന്നീ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം. താരം പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

മത്സരത്തിനിടെ അജിത് ഓടിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയുമായിരുന്നു. കാറോട്ട ട്രാക്കുകളിൽ വച്ച് അജിത്തിന് ഇത്തരമൊരു അപകടം സംഭവിക്കുന്നത് ആദ്യമല്ല. മുൻപും ജി.ടി 4 യൂറോപ്യൻ സീരീസ്, പോർഷെ സ്പ്രിന്റ് ചലഞ്ച്, ദുബായ് 24 എച്ച് പരിശീലനം എന്നിവയ്ക്കിടയിലും അദ്ദേഹം വലിയ അപകടങ്ങളെ പരിക്കുകളില്ലാതെ അതിജീവിച്ചിട്ടുണ്ട്.

സിനിമയ്ക്കൊപ്പം റേസിംഗിനെയും പ്രൊഫഷണലായി കാണുന്ന അജിത് 2003 മുതൽ അന്താരാഷ്ട്ര തലത്തിൽ ഫോർമുല ബി.എം.ഡബ്ല്യു ഉൾപ്പെടെയുള്ള മത്സരങ്ങളിൽ സജീവമാണ്. സിനിമയുമായി ബന്ധപ്പെട്ട് 29 ശസ്ത്രക്രിയകൾക്ക് വിധേയനായിട്ടുണ്ടെങ്കിലും റേസിങ് അപകടങ്ങളിലൊന്നും വലിയ പരിക്കുകൾ ഏൽക്കാതിരുന്നത് അനുഗ്രഹമാണെന്ന് അജിത് മുൻപ് വ്യക്തമാക്കിയിരുന്നു. 'വിടാമുയർച്ചി', 'ഗുഡ് ബാഡ് അഗ്ലി' എന്നിവയാണ് അദ്ദേഹത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ.