പത്ത് വർഷം ഞാൻ കരഞ്ഞിട്ടുണ്ട് ഇനി കരയില്ല; കോകിലയ്ക്ക് 24 വയസ്സാണ്, ഉടൻ കുഞ്ഞുണ്ടാവും; ബാല

 

ഭാര്യ കോകിലയ്ക്കും തനിക്കും തമ്മിൽ 24 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടെന്ന് നടൻ ബാല. ഉടൻ തന്നെ തങ്ങൾക്ക് ഒരു കുട്ടിയുണ്ടാവുമെന്നും നല്ല രീതിയിൽ സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങുകയാണെന്നും ബാല മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഞങ്ങൾ രണ്ടുപേരും വളരെ സന്തോഷത്തിലാണ്. നല്ല രീതിയിൽ ജീവിക്കണം എന്നാണ് ഇനി ആഗ്രഹം. കോകിലയ്ക്ക് 24 വയസ്സാണ്. ഞാനത് തുറന്നു പറയുകയാണ്. നിങ്ങൾക്കെന്തുവേണമെങ്കിലും പറയാം. പരിഹസിച്ചോളൂ, പക്ഷേ ഞാൻ പറയുന്നതെല്ലാം സത്യമാണ്. നല്ലവനാണെങ്കിലും ഞാനത്ര നല്ലവനല്ല. ദേഷ്യം വരുമ്പോൾ എന്റെ നിയന്ത്രണം നഷ്ടമാകും. പക്ഷേ അവൾ എനിക്കൊരു ഉപദേശം തന്നു. 99 പേർക്ക് നന്മ ചെയ്തിട്ട് ഒരാളെ തല്ലിയാൽ ഈ 99 പേർക്കും ചെയ്ത നന്മ എവിടെപ്പോകും. അപ്പോൾ എനിക്കു മനസ്സിലായി, ഇനി ഞാൻ നിയമപരമായി മുന്നോട്ടുപോകും', ബാല പറഞ്ഞു.

'സന്തോഷത്തോടെ ജീവിക്കണം എന്നാണ് ആഗ്രഹം. ഇവിടെ നിന്ന് പോകാനാണ് തീരുമാനം. അടുത്തുതന്നെ ഞങ്ങൾക്ക് ഒരു കുട്ടിയുണ്ടാവും. അടിപൊളിയായിട്ട് ജീവിക്കും. ഞാൻ രാജാവായിരിക്കും, കോകില റാണിയാവും. 2018ൽ കോകില എഴുതിയ ഡയറിയും കവിതയുമെല്ലാം തന്റെ പക്കലുണ്ട്. ചെറുപ്പം മുതൽ എന്നെ സ്നേഹിക്കുന്ന ആളാണ് കോകില. എന്നോടുള്ള സ്നേഹത്തെ കുറിച്ച് കോകില ആദ്യം എന്റെ അമ്മയോടാണ് പറഞ്ഞത്. അമ്മ വിവാഹത്തിന്റെ കാര്യം എന്നോട് പറഞ്ഞപ്പോൾ ചെറുപ്പം മുതലേ എടുത്തുവളർത്തിയ കുട്ടിയല്ലേ എന്നാണ് ഞാൻ പറഞ്ഞത്. പെട്ടന്നു വരുന്ന സ്നേഹം വെറെ, പഴകി പഴകി സ്നേഹം വരുന്നതും വേറെ. മൂന്ന് മാസം കൊണ്ടാണ് തീരുമാനമെടുത്തത്.

എനിക്കിപ്പോൾ 42 വയസ്സ് ആയി. അങ്ങനെ ഒരു ഇഷ്ടം കോകിലയോട് തോന്നിയിട്ടില്ലായിരുന്നു. കോകില പണ്ടേ എന്റെ കൂടെയുണ്ടായിരുന്നു. എന്നാൽ പൊട്ടനായ എനിക്ക് അത് മനസ്സിലായില്ല. ഞാനാണ് ഏറ്റവും വലിയ ഭാഗ്യവാൻ. കാശും പണവും ഒക്കെ പോയി വന്നു കൊണ്ടിരിക്കും. ഞാൻ മരണത്തിന്റെ അരികിൽ പോയി തിരികെ വന്നതാണ്. ഇപ്പോൾ സന്തോഷത്തിലാണ്. കിടക്കാൻ പോകുന്നതിനു മുമ്പ് ബെഡ് റൂമിൽ കയറി എത്രപേർ കരയും. ആ കരച്ചിൽ ഇനി ഉണ്ടാകില്ല. പത്ത് വർഷം ഞാൻ കരഞ്ഞിട്ടുണ്ട്'. ഇനി കരയില്ലെന്ന് ബാല പറഞ്ഞു.

ബാലയിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമെന്താണെന്ന് കോകില വെളിപ്പെടുത്തി. 'മാമ ഇതുവരെ തനിയെ ആയിരുന്നു. ഇപ്പോൾ ഞാനുണ്ട്. മാമ ചെറിയ പ്രായത്തിലേ എല്ലാവരെയും സഹായിക്കുമായിരുന്നു. അതാണ് എനിക്ക് ആദ്യം ഇഷ്ടം തോന്നാൻ കാരണം.'- കോകില പറഞ്ഞു.