നടൻ ഭരത് കപൂർ അന്തരിച്ചു; വിടപറഞ്ഞത് ഹിന്ദി സിനിമാ-സീരിയൽ രംഗത്തെ കരുത്തുറ്റ സാന്നിധ്യം
നാല് പതിറ്റാണ്ടിലേറെയായി ഹിന്ദി വിനോദ വ്യവസായത്തിലെ സുപരിചിത മുഖമായ നടൻ ഭരത് കപൂർ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ സിയോൺ ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം അസുഖബാധിതനായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെ തന്നെ മുംബൈയിൽ അന്ത്യകർമങ്ങൾ നടന്നു.
സിനിമയിലും ടെലിവിഷനിലും ഒരുപോലെ സജീവമായിരുന്ന ഭരത് കപൂർ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ എത്തിച്ചിട്ടുണ്ട്. 'നൂരി', 'റാം ബൽറാം', 'ലവ് സ്റ്റോറി', 'ബസാർ' തുടങ്ങിയ എക്കാലത്തെയും വലിയ ഹിറ്റുകളിൽ അദ്ദേഹം വേഷമിട്ടു. അമിതാഭ് ബച്ചൻ ചിത്രം 'ഖുദാ ഗവാ', 2004-ൽ പുറത്തിറങ്ങിയ 'മീനാക്ഷി: എ ടെയിൽ ഓഫ് ത്രീ സിറ്റീസ്' എന്നിവ അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന ചിത്രങ്ങളാണ്.
മിനിസ്ക്രീൻ പ്രേക്ഷകർക്കും പ്രിയങ്കരനായിരുന്നു അദ്ദേഹം. 'അമാനത്ത്', 'സാൻസ്', 'താരാ', 'ചുനൗതി' തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ അദ്ദേഹം കുടുംബപ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടി. ഭരത് കപൂറിന്റെ നിര്യാണത്തിൽ പ്രമുഖ സിനിമാ പ്രവർത്തകൻ അശോക് പണ്ഡിറ്റ് ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി. മികച്ചൊരു മനുഷ്യനായിരുന്നു ഭരത് കപൂറെന്നും അദ്ദേഹത്തോടൊപ്പമുള്ള പ്രവർത്തനകാലം മറക്കാനാവില്ലെന്നും അശോക് പണ്ഡിറ്റ് കുറിച്ചു. പരേതനോടുള്ള ആദരസൂചകമായി ഏപ്രിൽ 30-ന് നോർത്ത് ബോംബെ അസോസിയേഷനിൽ പ്രാർത്ഥനായോഗം സംഘടിപ്പിച്ചിട്ടുണ്ട്.