നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു; സംസ്കാരം നാളെ തൃശൂരിൽ

 

മലയാള ചലച്ചിത്ര-നാടക രംഗത്തെ പ്രമുഖ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (63) അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാര ചടങ്ങുകൾ നാളെ തൃശൂരിലെ തൃത്തല്ലൂരിൽ നടക്കും.

പ്രശസ്ത നാടകപ്രവർത്തകൻ ഒ. മാധവന്റെ മകളും നടിയുമായ സന്ധ്യാ രാജേന്ദ്രനാണ് ഭാര്യ. നടനും എം.എൽ.എയുമായ മുകേഷിന്റെ സഹോദരീഭർത്താവാണ്. ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ (NSD), പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്ന് അഭിനയകലയിൽ ശാസ്ത്രീയമായ പരിശീലനം നേടിയ രാജേന്ദ്രൻ, മികച്ചൊരു സംഘാടകൻ കൂടിയായിരുന്നു. കൊല്ലത്തെ പ്രശസ്തമായ 'കാളിദാസ കലാകേന്ദ്ര'ത്തിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. 1987-ൽ മികച്ച നാടകത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

1981-ൽ 'ഗ്രീഷ്മം' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും, ജയരാജ് സംവിധാനം ചെയ്ത 'കളിയാട്ടം' എന്ന ചിത്രത്തിലെ വേഷമാണ് രാജേന്ദ്രനെ ശ്രദ്ധേയനാക്കിയത്. പ്രണയവർണ്ണങ്ങൾ, പാട്ടാഭിഷേകം, ദയ ഉൾപ്പെടെ അറുപതോളം സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും അദ്ദേഹം തിളങ്ങി. സിനിമയ്ക്ക് പുറമെ ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ചലച്ചിത്ര-സാംസ്‌കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.