അമ്മ സംഘടനയിലെ നേതൃനിരയിലേക്ക് വരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് നടി അൻസിബ

 

 

അമ്മ സംഘടനയിലെ നേതൃനിരയിലേക്ക് വരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് നടി അൻസിബ ഹസൻ. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ നന്നായി മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ഭരണ നേതൃത്വത്തിലേക്ക് ശക്തവും കരുണയും ആർജ്ജവവുമുള്ള യുവനിര വരട്ടെയെന്നും അൻസിബ ആശംസിച്ചു. അൻസിബ നേതൃത്വത്തിലേക്ക് വരണമെന്ന് മാല പാർവ്വതി പ്രതികരിച്ചിരുന്നു.

ഫേസ്ബുക്കിലൂടെയായിരുന്നു അൻസിബ ഹസ്സനെ പ്രതികരണം. എന്റെ ജീവിത യാത്രയില്‍ എനിക്ക് ലഭിച്ച വലിയ അംഗീകാരം നിങ്ങളുടെ സ്‍നേഹവും പിന്തുണയുമാണ്. അതിന് വാക്കുകള്‍ കൊണ്ട് നന്ദി പറയുന്നത് അപൂര്‍ണ്ണമായിരിക്കും. ഒപ്പം നില്‍ക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തില്‍ എനിക്ക് ലഭിച്ച ഈ സ്‍ഥാനമാണ് എന്റെ ഏറ്റവും വലിയ പുരസ്‍കാരം. അമ്മ സംഘടനയുമായി ബന്ധപ്പെട്ട്, ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല, സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആര്‍ജജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും കുറിക്കുന്നു അൻസിബ ഹസ്സൻ.

താര സംഘടനയായ അമ്മയുടെ തലപ്പത്തേയ്‍ക്ക് അൻസിബ വരണമെന്ന് നടി മാല പാര്‍വതി അഭിപ്രായപ്പെട്ടിരുന്നു. അമ്മയെ യുവാക്കള്‍ നയിക്കട്ടെ. ഭരണ സമിതിക്കു കൃത്യനിർവഹണത്തിൽ വീഴ്‍ചയുണ്ടായി. അൻസിബ യോഗത്തിൽ വ്യക്തമായി സംസാരിച്ചതിന് ശേഷം, രണ്ടഭിപ്രായം ഉള്ളവർ ഒന്നായി. അൻസിബയുടെ ചോദ്യങ്ങൾക്ക് ശ്വേതയ്ക്ക് ഉത്തരം ഉണ്ടായില്ല എന്നും മാല പാര്‍വതി പറഞ്ഞു.