സത്യപ്രതിജ്ഞ ചടങ്ങിനെ പ്രശംസിച്ച് നടി മാലാ പാർവതി
വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേൽക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനെ പ്രശംസിച്ച് നടി മാലാ പാർവതി. പ്രതിപക്ഷ നേതാക്കളെയും, ആദരവോടെ വേദിയിൽ ഇരിപ്പിടം നൽകിയിരിക്കുന്ന അത്യപൂർവമായ കാഴ്ച കാണാനായെന്നും ഇതിലൂടെ പുതു സംസ്കാരമാണ് രചിച്ചിരിക്കുന്നതെന്നും നടി പറയുന്നു.
‘‘വി.ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന സത്യപ്രതിജ്ഞ ചടങ്ങ്, അത്യപൂർവമായ ഒരു പുതു സംസ്കാരം രചിച്ചിരിക്കുന്നു. പ്രതിപക്ഷ നേതാക്കളെയും, ആദരവോടെ വേദിയിൽ ഇരിപ്പിടം നൽകിയിരിക്കുന്ന അത്യപൂർവമായ കാഴ്ച.
ഇനി കോൺഗ്രസ്സും, യു.ഡി.എഫും മാത്രം എന്ന സ്ഥിരം രീതിയിൽ നിന്നും മാറി, ഞാൻ നയിക്കുന്നത് ‘ടീം കേരളത്തെ’യാണ് എന്ന് പറയാതെ പറഞ്ഞിരിക്കുന്നു വി.ഡി.സതീശൻ.പിണറായി വിജയൻ, ബനോയ് വിശ്വം, രാജീവ് ചന്ദ്രശേഖർ, മുൻ സ്പീക്കർ തുടങ്ങിയവരെ വേദിയിൽ പ്രതീക്ഷിച്ചിരുന്നില്ല. അത്യപൂർവമായ കാഴ്ചയായി. കേരളത്തിന് ഒരു പുതു സംസ്കാരം, പുതു ശീലം നൽകി. വി.ഡി സതീശന്റെ നേതൃത്വത്തിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ഈ മന്ത്രിസഭയെ തുറന്ന മനസ്സോടെ അഭിനന്ദിക്കുന്നു. ‘ടീം കേരളം’ ഇന്ത്യയ്ക്ക് മാതൃകയാവട്ടെ.’’–മാലാ പാർവതിയുടെ വാക്കുകൾ.