'കല്യാണി'ക്കും 'നേര'യ്ക്കും ശേഷം ആ വൈറൽ ഗ്യാങ് വീണ്ടുമെത്തുന്നു; ‘ചില്ലറ ഫ്ലെക്സ്’ പുറത്തിറങ്ങി
മലയാളം ഇൻഡി സംഗീത ലോകത്ത് തരംഗമായി മാറിയ 'കല്യാണി', 'നേര', 'ശരിയ' എന്നീ ഹിറ്റുകൾക്ക് ശേഷം ARJN, KDS, ഫിഫ്റ്റി 4 (Fifty 4) സഖ്യം വീണ്ടും ഒന്നിക്കുന്നു. ഇവരുടെ പുതിയ ഹൈ-എനർജി ട്രാക്കായ ‘ചില്ലറ ഫ്ലെക്സ്’ (Chillara Flex) പുറത്തിറങ്ങി. റോൺ (Rhon) ആണ് ഈ ഗാനം നിർമ്മിച്ചിരിക്കുന്നത്. തനത് സംസ്കാരവും ആഗോള നിലവാരമുള്ള സംഗീതവും ഒത്തുചേരുന്ന ഈ പുതിയ ട്രാക്ക് ഇതിനോടകം തന്നെ സംഗീത പ്രേമികൾക്കിടയിൽ ശ്രദ്ധനേടിക്കഴിഞ്ഞു.
കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും സ്വന്തം ഇടം കെട്ടിപ്പടുത്ത കലാകാരന്മാരുടെ ജീവിതാനുഭവങ്ങളാണ് ഈ ഗാനത്തിന്റെ പ്രമേയം. തങ്ങളെ കുറച്ചുകണ്ട കാലം മുതൽ ഇന്ന് കേൾക്കപ്പെടുന്ന നിലയിലേക്ക് എത്തിയ വരെയുള്ള യാത്രയാണ് 'ചില്ലറ ഫ്ലെക്സ്' എന്ന് ഗാനത്തെക്കുറിച്ച് ARJN പറഞ്ഞു. അവഗണനകളെ അതിജീവിച്ച് സ്വന്തമായി എന്തെങ്കിലും കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും ഈ ഗാനവുമായി കണക്ട് ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മർദ്ദങ്ങളെ അതിജീവിച്ച് സ്വയം തെളിയിക്കുന്നതിനെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചുമാണ് ഈ ട്രാക്ക് സംസാരിക്കുന്നതെന്ന് KDS പറഞ്ഞു. തങ്ങൾ പാട്ടിലൂടെ ആഗ്രഹിച്ച പല കാര്യങ്ങളും ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നെന്നും അതുകൊണ്ട് തന്നെ ഈ ഗാനം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ഫിഫ്റ്റി 4 വ്യക്തമാക്കി.