'രാഷ്ട്രീയം പറഞ്ഞ് സൂപ്പർ സ്റ്റാറിന്റെ ചിത്രം പ്രചരിപ്പിക്കേണ്ട ആവശ്യമില്ല'; ഐശ്വര്യ രജനികാന്ത്

 

രജനികാന്ത് 'സംഘി' അല്ലെന്ന പരാമർശം മാർക്കറ്റിങ് തന്ത്രമാണെന്ന വിമർശനങ്ങളോട് പ്രതികരിച്ച് മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്ത്. 'ലാൽ സലാം' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള പരിപാടിയിലാണ് രജനികാന്തിൻറെ മകളുടെ വിശദീകരണം. ആദ്യമായാണ് സംഭവത്തിൽ പരസ്യമായി സംവിധായിക പ്രതികരിക്കുന്നത്.

സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാൻ ധൈര്യം നൽകിയാണ് അച്ഛൻ തങ്ങളെ വളർത്തിയതെന്ന് ഐശ്വര്യ പറഞ്ഞു. തന്ത്രം പ്രയോഗിച്ചോ സിനിമയിൽ രാഷ്ട്രീയം പറഞ്ഞോ വിശ്വാസമില്ലാത്ത കാര്യം അഭിനയിച്ചോ സൂപ്പർ സ്റ്റാറിന്റെ ചിത്രം പ്രചരിപ്പിക്കേണ്ട ആവശ്യമില്ലെന്ന് സംവിധായിക വെളിപ്പെടുത്തി. ഒരു രാഷ്ട്രീയവും സംസാരിക്കാത്ത ജയിലർ ഹിറ്റായ കാര്യവും ഐശ്വര്യ ഓർമിപ്പിച്ചു.

ലാൽസലാം സിനിമയുടെ ഓഡിയോ ലോഞ്ചിലായിരുന്നു രജനികാന്ത് സംഘി അല്ലെന്ന് മകൾ ഐശ്വര്യ പറഞ്ഞത്. സംഘിയെന്നുള്ള വിളി തന്നെ ഏറെ വേദനിപ്പിച്ചുവെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. സംഘി അല്ലാത്തത് കൊണ്ടാണ് ലാൽസലാമിൽ രജനികാന്ത് അഭിനയിച്ചതെന്ന മകളുടെ വാക്കുകൾ വിമർശനത്തിന് കാരണമായിരുന്നു.

ഐശ്വര്യ രജനികാന്ത് സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് 'ലാൽ സലാം'. വിഷ്ണു വിശാലും വിക്രാന്തും നായകന്മാരാവുന്ന ചിത്രത്തിൽ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനാണ് ചിത്രം നിർമ്മിക്കുന്നത്.