ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് 'ആകാശംലോ ഒക താര'; കേരളത്തിൽ 155 സ്ക്രീനുകളിലേക്ക് പ്രദർശനം വ്യാപിപ്പിച്ചു
ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘ആകാശംലോ ഒക താര’ (എ.ഒ.ടി) കേരള ബോക്സ് ഓഫീസിൽ തകർപ്പൻ മുന്നേറ്റം തുടരുന്നു. ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രം, ആദ്യ ദിനത്തേക്കാൾ ഇരട്ടി കളക്ഷൻ നേടിയാണ് രണ്ടാം ദിനത്തിലും കുതിപ്പ് തുടർന്നത്. തുടക്കത്തിൽ കേരളത്തിലെ 115 കേന്ദ്രങ്ങളിൽ റിലീസ് ചെയ്ത ചിത്രം, പ്രേക്ഷകരുടെ വർദ്ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് മൂന്നാം ദിനത്തോടെ 155 സ്ക്രീനുകളിലേക്ക് പ്രദർശനം വ്യാപിപ്പിച്ചിരിക്കുകയാണ്; രണ്ടാം ദിനം മാത്രം സംസ്ഥാനത്ത് 92 സ്പെഷ്യൽ ലേറ്റ് നൈറ്റ് ഷോകൾ നടത്തിയത് സിനിമയ്ക്ക് ലഭിക്കുന്ന വലിയ സ്വീകാര്യതയുടെ തെളിവായി മാറുന്നു.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിച്ച ഈ ചിത്രം, സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുകയും ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകൾ അവതരിപ്പിക്കുകയും ചെയ്യുന്നു. പ്രീമിയർ ഷോകൾ മുതൽ തന്നെ യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത ചിത്രത്തിൽ 'കൃഷ്ണ' എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലി 'കല്പന'യായി വേഷമിടുന്ന ചിത്രത്തിൽ, സമൂഹം മുന്നിൽ വെക്കുന്ന അതിർവരമ്പുകൾ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന കല്പനയ്ക്ക് പിന്തുണയുമായി നിൽക്കുന്ന കൃഷ്ണയുടെ ഹൃദയസ്പർശിയായ കഥയാണ് പറയുന്നത്. എ.പി.ജെ. അബ്ദുൾ കലാം, വിക്രം സാരാഭായ്, കല്പന ചൗള തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾക്ക് സമർപ്പിച്ചിരിക്കുന്ന ചിത്രം സ്വപ്നങ്ങൾ കാണാനും അവ നേടിയെടുക്കാനും പ്രചോദനം നൽകുന്ന ആശയലോകമാണ് മുന്നോട്ട് വെക്കുന്നത്.
ശ്രുതി ഹാസൻ 'രോഹിണി' എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ റൂഹാനി ശർമ, മുരളി ശർമ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും സിനിമയുടെ വൈകാരിക മുഹൂർത്തങ്ങൾക്ക് കരുത്തേകുമ്പോൾ, ചിത്രത്തിലെ ‘കുട്ടി കുട്ടി പൂവേ’, ‘കണ്ണേ കണ്ണേ’ എന്നീ ഗാനങ്ങൾ നേരത്തെ തന്നെ വലിയ ജനപ്രീതി നേടിയിരുന്നു. ഗുന്നം ഗംഗരാജുവിന്റെ തിരക്കഥയിൽ പവൻ സാദിനേനിയും വസന്ത് ജുറുവും ചേർന്ന് കഥയൊരുക്കിയ ചിത്രത്തിന് സുജിത് സാരംഗ് ഛായാഗ്രഹണവും പ്രവീൺ കെ.എൽ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആഗോളതലത്തിൽ റിലീസ് ചെയ്ത 'ആകാശംലോ ഒക താര' വരും ദിവസങ്ങളിലും ബോക്സ് ഓഫീസിൽ ശ്രദ്ധേയമായ മുന്നേറ്റം തുടരുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.