'സംഘടനയുടെ യോഗത്തിന് വന്നാൽ ഫഹദ് ഫാസിലിന്റെ എന്താണ് ഉടഞ്ഞ് പോകുന്നത്?, മാപ്പ് അർഹിക്കുന്നില്ല'; അനൂപ് ചന്ദ്രൻ

 

താരസംഘടനയായ അമ്മയുടെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത് കുറച്ച് ദിവസം മുൻപാണ്. അതേസമയം തിരഞ്ഞെടുപ്പ് വിവാദങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കുമെല്ലാം വഴിയൊരുക്കുകയും ചെയ്തിരുന്നു.ഇതിനിടെ നടൻ ഫഹദ് ഫാസിലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ അനൂപ് ചന്ദ്രൻ. യോഗത്തിൽ പങ്കെടുക്കാതെ സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കാൻ പോയതിനാണ് അനൂപ് ചന്ദ്രൻ ഫഹദിനെ വിമർശിക്കുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽ ഒരാളായിരുന്നു അനൂപ് ചന്ദ്രൻ. വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

യുവാക്കളുടെ ഭാഗത്ത് നിന്നും കൂടുതൽ സജീവമായ പങ്കാളത്തമുണ്ടാകേണ്ടതുണ്ട്. ഫഹദ് ഫാസിലിന്റേയൊക്കെ നിലപാടിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് അനൂപ് ചന്ദ്രൻ പറയുന്നത്. അയാൾ കോടിക്കണക്കിന് ശമ്പളം വാങ്ങിക്കുന്ന വ്യക്തിയാണ്. അമ്മ സംഘടനയുടെ യോഗം നടക്കുമ്പോൾ അയാളും ഭാര്യയും എറണാകുളത്തുണ്ട്. മീര നന്ദന്റെ വിവാഹ റിസപ്ഷനിൽ രണ്ടുപേരും പങ്കെടുത്തിരുന്നു. എന്നാൽ അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ലെന്നാണ് അനൂപ് ചന്ദ്രൻ പറയുന്നത്. എനിക്ക് കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയല്ലേ അതിന് കാരണം എന്നും അദ്ദേഹം ചോദിക്കുന്നു.

ഒരുമിച്ച് നടന്ന് പോകുന്നവർ, കാലിടറി വീഴുമ്പോൾ അവരെ ചേർത്ത് നിർത്താൻ വേണ്ടിയാണ് അമ്മ ഉണ്ടാക്കിയത്. അതുപോലൊരു സംഘടനയുടെ യോഗത്തിന് വന്നാൽ ഫഹദ് ഫാസിലിന്റെ എന്താണ് ഉടഞ്ഞ് പോകുന്നത് എന്ന് തുറന്നടിക്കുന്നുണ്ട് അനൂപ് ചന്ദ്രൻ. ചെറുപ്പക്കാർ പൊതുവെ സെൽഫിഷായി പോകുകയാണ്. അതിൽ എനിക്ക് എടുത്ത് പറയാൻ സാധിക്കുന്ന ഒരു പേര് ഫഹദ് ഫാസിലിന്റേതാണ് എന്നും അദ്ദേഹം പറയുന്നു.

ഇത്രയും ശമ്പളം മേടിക്കുന്ന, അമ്മ അംഗമായ ഒരാൾ അതിന്റെ ഒരു ചാരിറ്റി സ്വഭാവത്തിലേക്ക് വരേണ്ടതുണ്ട്. എറണാകുളത്ത് ഉണ്ടായിട്ടും അദ്ദേഹം യോഗത്തിലേക്ക് വരാതിരുന്നത് ഒരു തരത്തിലും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും അനൂപ് ചന്ദ്രൻ പറയുന്നു.