മുംബൈയിൽ അഞ്ചേക്കറിൽ ആഡംബര പ്രോപ്പർട്ടി സ്വന്തമാക്കി കോഹ്‌ലിയും അനുഷ്‌കയും

 

മുംബൈയിലെ അലിബാഗിൽ അഞ്ചേക്കറോളം വരുന്ന ഭൂമി സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും നടി അനുഷ്‌ക ശർമ്മയും. ഏതാണ്ട് 37.86 കോടി രൂപ മുടക്കിയാണ് ഇരുവരും ഈ ആഡംബര പ്രോപ്പർട്ടി വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരാധകർ ആവേശത്തോടെയാണ് ഈ വാർത്ത ഏറ്റെടുത്തിരിക്കുന്നത്.

2026 ജനുവരി 13-നായിരുന്നു ഈ ഭൂമിയുടെ രജിസ്‌ട്രേഷൻ നടന്നത്. അലിബാഗിലെ റായ്ഗഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ആവാസ് ബീച്ചിന് സമീപമാണ് വിരുഷ്‌ക ദമ്പതികളുടെ പുതിയ നിക്ഷേപം. കഴിഞ്ഞ നാല് വർഷത്തിനിടെ അലിബാഗ് മേഖലയിൽ ഇരുവരും നടത്തുന്ന രണ്ടാമത്തെ വലിയ ഭൂമി ഇടപാടാണിത്.

നേരത്തെ തന്നെ അലിബാഗിൽ ഇവർക്ക് 34 കോടി രൂപ മൂല്യം വരുന്ന ആഡംബര ഫാം ഹൗസ് ഉണ്ട്. പ്രീമിയം ഇന്റീരിയർ, വലിയ പൂന്തോട്ടങ്ങൾ, സ്വകാര്യ നീന്തൽക്കുളം തുടങ്ങിയ സൗകര്യങ്ങളോട് കൂടിയതാണ് ഈ വില്ല. അലിബാഗിന് പുറമെ മുംബൈയിലും ഗുരുഗ്രാമിലും ദമ്പതികൾക്ക് സ്വന്തമായി ആഡംബര വസതികളുണ്ട്. നിലവിൽ മക്കളായ വാമികയുടെയും അകായുടെയും സ്വകാര്യത കണക്കിലെടുത്ത് ഇരുവരും ലണ്ടനിലാണ് താമസമെങ്കിലും ഇന്ത്യയിലെ നിക്ഷേപങ്ങൾ വിപുലപ്പെടുത്തുന്ന തിരക്കിലാണ് ഇരുവരും.