നായകനായി അസീസ് നെടുമങ്ങാട്; ഹൊറർ കോമഡി ചിത്രം 'മോഹനവള്ളി'യുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു
ജനപ്രിയ താരം അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി പുതുമുഖ സംവിധായകൻ ഉമേഷ് എസ്. നായർ ഒരുക്കുന്ന 'മോഹനവള്ളി' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കമായി. ജെ സ്റ്റുഡിയോസും എ ടു എ മൂവി പ്രമോഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഒരു ഹൊറർ കോമഡി എന്റർടൈനറാണ്. രാഹുൽ കല്യാൺ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ വെച്ചു നടന്ന പൂജാ ചടങ്ങുകളോടെയാണ് സിനിമയുടെ ചിത്രീകരണത്തിന് ആരംഭം കുറിച്ചത്. ചടങ്ങിൽ പ്രശസ്ത സംവിധായകൻ ലിയോ തദേവൂസ് ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു. സംവിധായകൻ സഞ്ജീവ് ശിവൻ സ്വിച്ചോൺ കർമ്മവും, ശ്രീകാന്ത് മുരളി ഫസ്റ്റ് ക്ലാപ്പും നൽകി. ചടങ്ങുകൾക്ക് ശേഷം പ്രധാന വേഷത്തിലെത്തുന്ന അസീസ് നെടുമങ്ങാടിന്റെ ആദ്യ ഷോട്ടും ചിത്രീകരിച്ചു. നാട്ടിൻപുറത്തുകാരനായ പ്രേമദാസനും അമ്മ ശാരദാമ്മയും നേർച്ച നടത്തുന്നതിനായി പഴനിയിലേക്ക് നടത്തുന്ന ഒരു തീർത്ഥയാത്രയും, തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആ യാത്രയിൽ പ്രേമദാസൻ മോഹിച്ചുപിടിച്ച 'വള്ളി'യുമായി ഇരുവരും കേരളത്തിലേക്ക് തിരിച്ചെത്തുന്നതും, അതിനുശേഷം ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്ന രസകരമായ സംഭവങ്ങളും തികച്ചും ഹാസ്യരൂപേണെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.
ബിന്ദു പണിക്കർ, ബൈജു സന്തോഷ്, അബിൻ ബിനോ, രക്ഷണ ഇന്ദുചൂഡൻ, സെന്തിൽ കൃഷ്ണ, ഭഗത് മാനുവൽ, മൊട്ട രാജേന്ദ്രൻ, ശ്രീജ രവി, വിജയ് മുത്തു, തുഷാര പിള്ള, ശശാങ്കൻ മയ്യനാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അർക്കാഡോയാണ് ചിത്രത്തിന് സംഗീതം പകരുന്നത്. പാലക്കാട്, കൊല്ലങ്കോട്, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. സുധീർ സുരേന്ദ്രൻ ഛായാഗ്രഹണവും സുനേഷ് സെബാസ്റ്റ്യൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. മറ്റ് അണിയറ പ്രവർത്തകർ: കലാ സംവിധാനം - മകേഷ് മോഹനൻ, മേക്കപ്പ് - സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യൂം - അരവിന്ദ് കെ.ആർ, പ്രൊഡക്ഷൻ കൺട്രോളർ - ശശി പൊതുവാൾ, പി.ആർ.ഒ - മഞ്ജു ഗോപിനാഥ്.