പഴയ സംവിധായകർ ന്യൂജെൻ ആകാൻ ശ്രമിക്കരുത്, പ്രതിഭയ്ക്കനുസരിച്ചുള്ള സിനിമ പരാജയപ്പെടില്ല; ബാബു ആന്റണി

 

ആകാരവടിവുകൊണ്ടും ശരീരഭാഷകൊണ്ടും സമാനതകളില്ലാത്ത നടനാണ് ബാബു ആന്റണി. മൂന്ന് പതിറ്റാണ്ടുകാലത്തെ അഭിനയ ജീവിതത്തിനിടെ വൈശാലിയും അപരാഹ്നവും മുതൽ കടലും കമ്പോളവും വരെയുള്ള ചിത്രങ്ങളിൽ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. നേരത്തെ ഒരു അഭിമുഖത്തിൽ പുതിയ സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

പഴയ സംവിധായകരും ഇപ്പോഴത്തെ സിനിമയെ അനുകരിക്കാൻ ശ്രമിക്കുന്നുവെന്നാണ് തനിക്കു തോന്നുന്നതെന്ന് ബാബു ആന്റണി. പ്രതിഭയ്ക്കനുസരിച്ചുള്ള സിനിമ ചെയ്യുകയാണെങ്കിൽ ഒരിക്കലും അതു പരാജയപ്പെടില്ല. ഞാൻ തന്നെ അത്ഭുതപ്പെട്ടിട്ടുണ്ട്, പലരും ഈ തരംഗത്തിലേക്കു കടക്കാൻ ശ്രമിച്ചിട്ട് ഒന്നുമില്ലാതെ അപ്രത്യക്ഷമാകുന്ന അവസ്ഥ. ആരുടെയും പേരു ഞാൻ പറയുന്നില്ല.

സാറ്റലൈറ്റ് റൈറ്റിന്റെ കാര്യത്തിൽ ചാനലുകൾ സ്ട്രിക്ട് ആയതോടെ ആ പ്രവണത കുറഞ്ഞിട്ടുണ്ട്. ഞാനിപ്പോഴും പരമ്പരാഗത സിനിമയിൽ വിശ്വസിക്കുന്നയാളാണ്. കഥയുണ്ടാക്കി തിരക്കഥയുണ്ടാക്കി അതിനനുസരിച്ച് കാസ്റ്റ് ചെയ്ത് സിനിമയുണ്ടാക്കണമെന്ന ചിന്താഗതിക്കാരനാണ്. പുതിയ സംവിധായകർക്കൊപ്പവും ഞാൻ വർക്ക് ചെയ്യാറുണ്ട്. എങ്കിലും, സിനിമയ്ക്കൊരു ഗ്രാമറുണ്ട്. അതു തെറ്റിക്കാം. പക്ഷേ, അതിനൊരു പരിധിയുണ്ടെന്നും ബാബു ആന്റണി പറഞ്ഞു.